എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്നതാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജിത മുരളി സംസാരിക്കുന്നു.

കുടുംബശ്രീയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ

കോവി ഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബശ്രീ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. അതുവരെ നല്ല രീതിയിൽ നടത്തി കൊണ്ടുവന്നിരുന്ന പദ്ധതികൾ വരെ നിന്നുപോയ സാഹചര്യമാണ് ഉണ്ടായത്. പുതിയ ഭരണസമിതി അധികാരമേറ്റു; അവരുടെ കീഴിൽ നല്ലരീതിയിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകാൻ ശ്രമിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനും മുടങ്ങിപ്പോയവ പുനരുജ്ജീവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ചന്ത നടത്തുന്നുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് അതും മുടങ്ങി. അവയെല്ലാം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.

കേരഗ്രാമം നടപ്പിലാക്കി വരുന്നു

നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരഗ്രാമം. പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ കീഴിൽ തെങ്ങ് കർഷകർക്ക് വളം വിതരണം ചെയ്തു. നിലവിൽ തെങ്ങിന് മരുന്നടിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

കൃഷി

പഞ്ചായത്തിലെ 20 വാർഡുകളിലും പച്ചക്കറിക്കൃഷിക്കുള്ള തൈകൾ നൽകി. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ യുമായി ബന്ധപ്പെട്ട് വിത്തുകളും വിതരണം ചെയ്തു.

മട്ടുപ്പാവിൽ മുട്ടക്കോഴി

വീടുകളിൽ മുട്ടക്കോഴികളെ വളർത്താൻ സ്ഥലമില്ലാത്തവർക്ക് വീടിന്റെ മുകളിൽ കോഴികളെ വളർത്താനുള്ള സജ്ജീകരണങ്ങൾ ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 വനിതകൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തിട്ടുള്ളത്. ഓരോരുത്തർക്കും 10 കോഴികളെയും അതിനനുസൃതമായ ഹൈടെക് കൂടുമാണ് നൽകിയത്. കോഴികളുടെ കാഷ്ഠം വേറെ ശേഖരിക്കാനും, കോഴി മുട്ട കൂട്ടിൽ നിന്ന് താഴോട്ട് ഉരുണ്ടുവരുവാനുമുള്ള സൗകര്യങ്ങൾ കൂട്ടിൽ ഒരുക്കിയിട്ടുണ്ട്.
ബി വി 380 ഇനത്തിൽപ്പെട്ട നാല് മാസം പ്രായമായ കോഴികളെയാണ് ഗുണഭോക്താവിന് നൽകിയിട്ടുള്ളത്.
പദ്ധതിയുടെ അമ്പത് ശതമാനം പ്ലാൻ ഫണ്ടിൽ നിന്നും ബാക്കി ഗുണഭോക്താവും ആണ് നൽകേണ്ടത്.

ഇതു കൂടാതെ വനിതകൾക്ക് ആട്ടിൻകുട്ടികളെയും വിതരണവും ചെയ്യുന്നുണ്ട്. പഞ്ചായത്തിലെ ക്ഷീര കർഷകരുടെ സൊസൈറ്റിയുമായി സഹകരിച്ച് കന്നുകാലി തീറ്റയും നൽകി വരുന്നു.

അങ്കണവാടികൾ

പഞ്ചായത്തിൽ ആകെ 35 അങ്കണവാടികൾ ഉണ്ട്. അതിൽ പകുതി മാത്രമാണ് പഞ്ചായത്ത്‌ കെട്ടിടങ്ങളിൽ ഉള്ളത്, ബാക്കി പകുതിയും വാടക കെട്ടിടങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. വാടക കെട്ടിടങ്ങളിൽ നിന്നും മാറ്റി അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം പ്രവർത്തികമാക്കണം എന്നതാണ് ഒരു ലക്ഷ്യം.

ആരോഗ്യമേഖല

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. കമ്മ്യൂണിറ്റി കിച്ചൺ, വാഹന സൗകര്യം, വാർഡുതല സഹായങ്ങൾ എന്നിവ നൽകിയിരുന്നു. കോവിഡ് വാക്‌സിനേഷൻ ആദ്യ ഡോസ് 99 ശതമാനം പൂർത്തിയായി. രണ്ടാം ഡോസ് വിതരണം പുരോഗമിക്കുന്നു.

ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ശ്മശാനം ഉണ്ടായിരുന്നില്ല. കൊറോണ സമയത്ത് മറ്റ് പഞ്ചായത്തുകളെ ആശ്രയിച്ചാണ് സംസ്‍കാരം നടത്തിയിരുന്നത്. ഇതിന് പരിഹാരമെന്നോണം പഞ്ചായത്തിൽ ശ്മശാനം നിർമിക്കാൻ തീരുമാനിച്ചു. ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് പണികളും പരമാവധി പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ട്.

അഭിമുഖം:രാഗി എം എം
PRISM,I&PRD ERNAKULAM