എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേബ മുഹമ്മദ് അലി

കോവിഡ് പ്രതിരോധം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഡി.സി.സി ആരംഭിച്ചു. ആര്‍.ആര്‍.ടി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്‌സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്കും കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിച്ചുനല്‍കി. 100% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചുകഴിഞ്ഞു.

വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് കൃത്യസമയത്ത് ഏറ്റെടുത്ത് നടത്തുന്നുണ്ട്. അങ്കണവാടികളില്‍ പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നു. ഇതിനായി 40 ലക്ഷം രൂപയോളമാണ് പഞ്ചായത്ത് ചെലവഴിക്കുന്നത്. ഭൗതികസാഹചര്യ വികസന പ്രവര്‍ത്തനങ്ങളും സമയോചിതമായി നടപ്പിലാക്കിവരുന്നു.

പാലിയേറ്റീവ് കെയര്‍

പാലിയേറ്റീവ് കെയര്‍ വഴി കിടപ്പുരോഗികള്‍ക്കും വയോജനങ്ങള്‍ക്കും സേവനം നല്‍കിവരുന്നു. ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനും തുടര്‍ പരിചരണത്തിനും പാലിയേറ്റീവ് കെയര്‍ സംവിധാനം ഉപയോഗിച്ചു.

കാര്‍ഷിക മേഖല

കൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നു. കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വിത്തും വളവും വിതരണം ചെയ്യുന്നു; പകുതി വിലയ്ക്ക് കാലിത്തീറ്റ നല്‍കുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 34 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്നു. ആഴ്ച്ച ചന്തകള്‍, എക്കോ ഷോപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. റീബില്‍ഡ് കേരള പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പശു, മുട്ടക്കോഴി, പോത്തുകുട്ടി എന്നിവ വിതരണം ചെയ്തു.

ജലസേചനവും കുടിവെള്ളവും

ജലസേചനത്തിനും കുടിവെള്ളത്തിനുമായി കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ലീഡിങ് ചാനല്‍ വൃത്തിയാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ജല ജീവന്‍ പദ്ധതി വഴി ആദ്യഘട്ടത്തില്‍ 1,400 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഈ മാസത്തോടെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും.

തൊഴിലുറപ്പ് പദ്ധതി

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. പൊതുഇടങ്ങളില്‍ കൃഷി ചെയ്യുന്ന പദ്ധതി പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. റോഡ് നിര്‍മ്മാണം, ആട്ടിന്‍ കൂട് നിര്‍മ്മാണം, തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

സംരംഭകര്‍ക്ക് പ്രോത്സാഹനം

കുടുംബശ്രീ വഴി നിരവധി സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. തയ്യല്‍ യൂണിറ്റുകള്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ്, ഗാര്‍മെന്റ് മാര്‍ക്കറ്റിങ് യൂണിറ്റുകള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയിലൂടെ സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും ഉതകുന്ന തരത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു.

മാലിന്യ നിര്‍മാര്‍ജനം

മാലിന്യ നിര്‍മാര്‍ജനത്തിനായി പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ച് തരംതിരിച്ച് കയറ്റി അയയ്ക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. യുവാക്കള്‍ക്ക് കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പൊതു ഇടങ്ങള്‍ ഏറ്റെടുത്ത് കളിക്കളം നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുകയാണ് പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം.

അഭിമുഖം: അമൃത രാജു
PRISM, I&PRD ERNAKULAM