മുടക്കുഴ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കൃഷിക്ക് പ്രധാന്യം കൊടുത്തുകൊണ്ടാണ് പഞ്ചായത്ത് മുന്നോട്ടുപോകുന്നത്. നിലവില്‍ മുടക്കുഴ പഞ്ചായത്തിനെ നയിക്കുന്നത് പി.പി അവറാച്ചനാണ്. പ്രസിഡന്റിന്റെ വാക്കുകളിലൂടെ…

കുടിവെള്ള പ്രശ്നം

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന നിരവധി പ്രദേശങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ പ്രശ്നത്തെ ഗൗരവത്തോടെയാണ് ഭരണസമിതി സമീപിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. പ്രളയക്കാട് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പരമാവധി വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.

സാമൂഹ്യക്ഷേമം

സാമൂഹ്യക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് കാലോചിതമായി വര്‍ധിപ്പിച്ചു; സ്വയംതൊഴില്‍ പരിശീലനനവും നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് അവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയിരുന്നു. വയോജനങ്ങള്‍ക്കായി പകല്‍വീട് നിര്‍മ്മിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി.

വിദ്യാഭ്യാസ മേഖല

പഞ്ചായത്തിന് കീഴില്‍ വരുന്ന പൊതുവിദ്യാലയങ്ങളുടെ ഉന്നത നിലവാരം ഉറപ്പ് വരുത്തുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സ്‌കൂളുകളില്‍ ഫര്‍ണിച്ചര്‍, സ്മാര്‍ട്ട് ക്ലാസ് റൂം, കളിപ്പാട്ടങ്ങള്‍, ശുചി മുറി സമുച്ചയങ്ങള്‍ എന്നിവയ്ക്ക് തുക അനുവദിച്ചു. വിദ്യാലയങ്ങളില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കോവിഡ് മൂലം ഇതുവരെ നടപ്പാക്കാനായിട്ടില്ല.

അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനും മികച്ച പിന്തുണയാണ് പഞ്ചായത്ത് നല്‍കുന്നത്. പഞ്ചായത്ത് പരിധിയിലുള്ള എല്ലാ അങ്കണവാടികളിലും വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വാങ്ങി നല്‍കാന്‍ മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍

കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഉഴവ് കൂലി, ജൈവ വളം എന്നിവ വിതരണം ചെയ്തു. തരിശുഭൂമിയില്‍ നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള പിന്തുണ നല്‍കി. പച്ചക്കറിത്തൈ, മത്സ്യകൃഷിക്ക് പടുതക്കുളം, ഫലവൃക്ഷത്തൈ വിതരണം, തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി വരുന്നു. വനിതകള്‍ക്ക് പശുക്കള്‍, കിടാരികള്‍ എന്നിവ വിതരണം ചെയ്തു.

ലൈഫ് പദ്ധതി

ലൈഫ് പദ്ധതിക്ക് പ്രത്യേക പരിഗണനയാണ് പഞ്ചായത്ത് നല്‍കുന്നത്. സ്വന്തമായി വീടില്ലാത്ത ആരും പഞ്ചായത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പുതുതായി 389 വീടുകളുടെ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.

ആരോഗ്യ രംഗം

കോവിഡുമായി ബന്ധപ്പെട്ട് ഡി.സി.സി (ഡൊമിസിലിയറി കെയര്‍ സെന്റര്‍) ആരംഭിച്ചു. സാമൂഹ്യ അടുക്കളയും ഒരുക്കി. ഒരു ആംബുലന്‍സും മറ്റ് രണ്ട് വാഹനങ്ങളും ക്രമീകരിച്ചു. വാക്സിനേഷന്‍ 90 ശതമാനം പൂര്‍ത്തിയായി. ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. കുട്ടികളുടെ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി 38 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ വര്‍ധന മുന്നില്‍ കണ്ട് പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ വേണ്ടത്ര മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്.

അഭിമുഖം: അമല്‍ കെ.വി