**വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാം
കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ബി.സതീഷ് എം.എല്‍.എയുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന, പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് ഉപയോഗപ്രദമായ കാട്ടാല്‍ എഡ്യൂകെയര്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പേയാട് സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴിലുള്ള എല്‍2 ലാബ്‌സിന്റെ സഹായത്തോടെ വികസിപ്പിച്ച സ്റ്റുഡന്റ് കെയര്‍ ആപ്ലിക്കേഷനിലൂടെയാണ് പദ്ധതി സാധ്യമാക്കുന്നത്.
വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു.ഐ.ബി.സതീഷ് എം.എല്‍.എയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് കാട്ടാല്‍ എഡ്യുകെയര്‍.
കോവിഡ് സാഹചര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഹൈബ്രിഡ് അക്കാദമിക് തുടര്‍ച്ചയാണ് പദ്ധതിയുടെ ലക്ഷ്യം. പാഠപുസ്തകങ്ങള്‍ക്കപ്പുറം പുതിയ അറിവുകള്‍ക്കായുള്ള അന്വേഷണത്തിനും വ്യക്തിത്വ വികസനത്തിനും വിദ്യാലയത്തിലെ ഇടപെടലുകള്‍ക്കും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായ സ്റ്റുഡന്റ് കെയര്‍ ആപ്ലിക്കേഷനില്‍ മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എയോട് നേരിട്ട് സംവദിക്കാനുള്ള സൗകര്യവുമുണ്ട്.
കാട്ടാക്കട നിയോജക മണ്ഡലത്തിന് കീഴിലെ എല്ലാ സ്‌കൂളുകളും 20,000ത്തോളം വിദ്യാര്‍ത്ഥികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതോടെ ഇന്ത്യയിലെ വന്‍കിട സ്വകാര്യ മാനേജ്മെന്റ് സ്‌കൂളുകള്‍ക്ക് പോലുമില്ലാത്ത സംവിധാനമാണ് കാട്ടാക്കട, മണ്ഡലത്തിലെ കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഐ.ബി.സതീഷ് എം.എല്‍.എ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി സുരേഷ് കുമാര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.