ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിനുള്ള ചങ്ങാതി പദ്ധതിക്ക് റാന്നി അങ്ങാടി പഞ്ചായത്തില്‍ തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനം എന്നനിലയില്‍ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മാര്‍ച്ച് 30ന് മുമ്പായി പ്രാഥമിക സ്ഥിതി വിവര പഠനം, വാര്‍ഡ് തല സംഘാടക സമിതി രൂപീകരണം, സര്‍വെ ടീം രൂപീകരണം  തുടങ്ങിയ പ്രവര്‍ത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു.

ഏപ്രില്‍ ആദ്യ വാരം പദ്ധതി ഉദ്ഘാടനവും ഏപ്രില്‍ രണ്ടാം വാരം പഠിതാക്കളെ കണ്ടെത്തുന്നതിന് ജനകീയ സര്‍വേയും നടത്തും. സര്‍വേയില്‍ കണ്ടെത്തുന്ന പഠിതാക്കളുടെ എണ്ണം കണക്കാക്കി ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിക്കുകയും അവര്‍ക്ക്   പരിശീലനം നല്‍കുകയും ചെയ്യും. മെയ് ആദ്യവാരം ക്ലാസുകള്‍ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ പദ്ധതി വിശദീകരണം നടത്തി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യരക്ഷാധികാരി, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംപി, എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികള്‍, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്- വൈസ് ചെയര്‍മാന്‍. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജനറല്‍ കണ്‍വീനര്‍, പദ്ധതി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തൊഴിലുടമകള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, പോലീസ്, എക്‌സൈസ് വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.