സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾക്കായി നിലവിൽ തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബുകൾ ക്രമേണ ഹൈസ്‌കൂൾ-ഹയർസെക്കന്ററി തലത്തിലേക്കും വ്യാപിപ്പിക്കും. അടുത്ത അദ്ധ്യയന വർഷം മുതൽ ഇ-ലാംഗ്വേജ് ലാബിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ ഈ മേഖലയിലെ മുഴുവൻ അധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം ഈ മെയ് മാസത്തിൽത്തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്‌കൂളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പൂജപ്പുര ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾ വേദിയിൽ ക്രമീകരിച്ച ഇ-ലാംഗ്വേജ്  ലാബ് വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.എസ്.കെ ഡയറക്ടർ ഡോ.സുപ്രിയ എ.ആർ എന്നിവർ സംസാരിച്ചു.