ദീർഘവീക്ഷണത്തോടെ, എറണാകുളം ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്.പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിൽ ഒന്ന് എറണാകുളത്തിനാണ്. വാട്ടർ മെട്രോക്ക് 150 കോടിയും ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിന് അനുവദിച്ച അഞ്ചു കോടിയുടെ ആനുപാതിക വിഹിതവും ജില്ലക്ക് ലഭിക്കും. സിയാലിന് 200 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണിവ.

കൊച്ചി സർവകലാശാലയിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെൻററിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൊച്ചി സർവകലാശാലയിൽ തന്നെ പ്രൊജക്റ്റ് മോഡിൽ മൂന്നു പ്രോജക്ടുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്.കൊച്ചി സർവ്വകലാശാലയിൽ ഇൻറർനാഷണൽ ഹോസ്റ്റൽ മുറികൾ ഉൾപ്പെടെ പുതുതായി നിർമ്മിക്കുന്ന പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണത്തിന് ബജറ്റിൽ തുക വകയിരുത്തി. പോളിടെക്നിക്, ഐടിഐ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിൽ ചെറിയ വ്യവസായ യൂണിറ്റുകളും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ തീരുമാനിച്ചതിന്റെ പ്രയോജനവും കളമശ്ശേരിക്ക് ലഭിക്കും.

സ്കിൽ എക്കോസിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപാദന കേന്ദ്രം ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.ഇന്ത്യ ഇന്നവേഷൻ സെൻറർ ഫോർ ഗ്രാഫീൻ ആരംഭിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.കൊച്ചി കാൻസർ സെൻററിന് 14.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എറണാകുളം – കൊരട്ടി എറണാകുളം – ചേർത്തല ഐടി ഇടനാഴികളോട് അനുബന്ധിച്ച് സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന ബജറ്റാണിതെന്നും പി.രാജീവ് പറഞ്ഞു.