*മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും ആന്റണി രാജുവും സ്ഥലം സന്ദർശിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു. റോഡിന്റെ പ്രവർത്തി പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തി. മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.14.30 മീറ്ററാണ് റോഡിന്റെ വീതി. റോഡിന്റെ ആങ്കറിങ്ങും ബിസി പ്രവർത്തിയും മാത്രമാണ് ബാക്കിയുള്ളത്. അത് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എയർപോർട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുംമുഖം റോഡിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.കടൽക്ഷോഭത്തിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാൾ നിർമ്മിച്ചുകൊണ്ട്, കടൽക്ഷോഭത്തെ പ്രതിരോധിച്ചുള്ള നിർമ്മാണ പ്രവൃത്തിയാണ് ഇവിടെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. 2018 ഓഖി ദുരന്തത്തിലാണ് ശംഖുംമുഖം റോഡിന്റെ തകർച്ച തുടങ്ങിയത്. തുടർന്നുള്ള വർഷങ്ങളിലുണ്ടായ ശക്തമായ കടൽക്ഷോഭത്തിലും തുടർച്ചയായ മഴയിലും റോഡ് പൂർണമായി തകരുകയായിരുന്നു.