മൺ മറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തരമേള അഭ്ര പാളിയിൽ ആദരമൊരുക്കും.ബംഗാളി സംവിധായകനായ  ബുദ്ധദേവ് ദാസ് ഗുപ്‌ത , നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ , മലയാളത്തിന്റെ അഭിമാനം കെ .എസ് .സേതുമാധവൻ,കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേള ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി .ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

കെ പി എ സി ലളിത ,മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി  ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദർശിപ്പിക്കും . കെ എസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം ,പി ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ദിലീപ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും  ലതാ മങ്കേഷ്‌കർ പിന്നണി പാടിയതുമായ  മുഗൾ-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത  നീം അന്നപൂർണ്ണ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.