* 2022-23ൽ 120 കോടിയുടെ സൗജന്യ യൂണിഫോം
*പൂട്ടികിടന്ന 15 കൈത്തറി സംഘങ്ങൾ തുറന്നു
കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈത്തറി വസ്ത്ര മേഖല. മേഖലയുടെ പ്രതാപം വീണ്ടെടുക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാന സർക്കാർ. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി 2016-17 സാമ്പത്തിക വർഷം മുതലാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയത്.
എല്ലാ അധ്യയന വർഷവും ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ വിദ്യാലയങ്ങളിലേയും ഒന്നു മുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്കാണ് സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം നൽകിവരുന്നത്. ഗുണമേന്മയേറിയ കൈത്തറി തുണി രണ്ട് ജോടി വീതമാണ് നൽകുന്നത്. അഞ്ച് വർഷമായി തുടരുന്ന പദ്ധതിക്ക് 2022-23 വർഷത്തിൽ 120 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 കോടി രൂപ സർക്കാർ അനുവദിച്ചു.
സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി ആരംഭിക്കുന്നതിനു മുൻപ് 100 രൂപയിൽ താഴെ ദിവസക്കൂലിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ഒരു ദിവസം വരുമാനവും 250ൽ കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതുവരെ 232കോടിയോളം രൂപ നെയ്ത്തുകൂലി ഇനത്തിൽ തൊഴിലാളികൾക്ക് വിതരണം ചെയ്തു. നിലവിൽ 6,200 നെയ്ത്തുകാർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.
സംസ്ഥാനത്ത് പൂട്ടിക്കിടന്നിരുന്ന 15 കൈത്തറി സംഘങ്ങൾ പദ്ധതിയുടെ ഭാഗമായി തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാരിന് സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ പദ്ധതി മൂലം കൈത്തറി നെയ്ത്തുകാർക്ക് മാത്രമല്ല, കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകൾക്കും പുത്തൻ ഉണർവാണ് കൈവന്നത്. സ്‌കൂൾ യൂണിഫോമിന് ആവശ്യമായ നൂൽ കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളിൽ നിന്നും വാങ്ങുന്നതിലൂടെ കോവിഡ് സാഹചര്യത്തിലും ഇവരുടെ തൊഴിൽ സംരക്ഷിക്കാൻ സർക്കാരിന് സാധിച്ചു. ആറായിരത്തോളം നെയ്ത്തു തൊഴിലാളികൾക്ക് പുറമെ കേരളത്തിലുടനീളം നൂൽ നിർമ്മിക്കുന്ന സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കും കൈത്തറി യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ നൽകാൻ കഴിഞ്ഞു.