* ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ സോളാർ

* ഫേസ് ഒന്ന് 2022 പകുതിയോടെ പൂർത്തിയാകും


സംസ്ഥാന സർക്കാരിന്റെ ഊർജ്ജ മിഷന്റെ ഭാഗമായി ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ കൂട്ടിചേർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. സൗര പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ട് പുരപ്പുറ സൗര നിലയങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്‌ളോട്ടിംഗ് സോളാർ എന്നിങ്ങനെയും കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിൽ പുരപ്പുറ സോളാർ പാനലുകൾ വഴിയുള്ള വൈദ്യുതോൽപാദനത്തിൽ ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിലാണ് നിലയങ്ങൾ സ്ഥാപിക്കുന്നത്. വൈദ്യുതി ഉപഭോഗം, താരിഫ് കാറ്റഗറി എന്നിവ അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന രീതിയിൽ വ്യത്യസ്ത മോഡലുകൾ കെഎസ്ഇബി നടപ്പാക്കുന്നുണ്ട്.
ഫേസ്-1 ൽ 50 മെഗാവാട്ട് ടെൻഡറാണ് വിളിച്ചത്. എല്ലാത്തരം ഉപഭോക്താക്കൾക്കും പങ്കാളികളാകാനാവുന്ന പദ്ധതിയാണിത്. ഇതിൽ മൂന്ന് മോഡലുകളാണ് നിലവിലുള്ളത്. യാതൊരു മുതൽമുടക്കും ഉപഭോക്താവിന് ഇല്ലാത്ത മോഡൽ 1, 2 എന്നിവയും, ഉപഭോക്താവിന്റെ പൂർണ്ണ മുതൽമുടക്ക് വേണ്ടിവരുന്ന മോഡൽ 3 യും ആണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ മോഡൽ 1 തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് പുരപ്പുറം വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി നിലയം ആകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനവും, മോഡൽ 2 തെരഞ്ഞെടുക്കുന്നവർക്ക് നിശ്ചിത താരിഫിൽ വരുന്ന 25 വർഷത്തേയ്ക്ക് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും ലഭ്യമാകും. മോഡൽ 3-ൽ മുതൽ മുടക്ക് പൂർണ്ണമായി ഉപഭോക്താവ് വഹിക്കുന്നതിനാൽ തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായി ഉപഭോക്താവിന് ലഭിക്കും.
നിലവിൽ ഈ പദ്ധതിയിൽ പുതിയ രജിസ്‌ട്രേഷൻ ഇല്ല. 29 മെഗാവാട്ടിനു ഇ പി സി ഓർഡർ നൽകിയിട്ടുണ്ട്. 14.274 മെഗാവാട്ട് നിലയങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതി 2022 പകുതിയോടുകൂടി പൂർത്തീകരിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നന്നത്.
സൗര സബ്സിഡി പദ്ധതിയിൽ (250 മെഗാവാട്ട്) ഗാർഹിക ഉപഭോക്താക്കൾക്കാണ് പങ്കെടുക്കാനാവുക. ഈ പദ്ധതിയുടെ ഭാഗമായി 1 മുതൽ 3 കിലോവാട്ട് ശേഷി വരെയുള്ള നിലയങ്ങൾക്ക് 40 ശതമാനം സബ്സിഡിയും, 4 മുതൽ 10 കിലോവാട്ട് ശേഷിയുള്ള നിലയങ്ങൾക്ക് ആദ്യ 3 കിലോവാട്ടിന് 40 ശതമാനവും തുടർന്ന് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്സിഡി എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. 10 കിലോവാട്ടിനു മുകളിൽ സബ്സിഡിയില്ല. ഈ പദ്ധതി നിർവഹണത്തിനായി 37 കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്. 2022 ജൂണോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പൂർത്തീകരണത്തിനു വേണ്ടി ഇ-കിരൺ മാനേജ്‌മെന്റ് പോർട്ടൽ ട്രാക്കിംഗ് സംവിധാനത്തോടെ വികസിപ്പിച്ചു. ഈ ഏകജാലകം വഴി പൊതുജനങ്ങൾ, ഡെവലപ്പർ, കൺസ്യൂമർ, കെഎസ്ഇബി എന്നിവർക്ക് ദിവസേനയുള്ള റൂഫ് ടോപ് സോളാറിന്റെ പുരോഗതി അവലോകനം ചെയ്യാം. സബ്സിഡി സ്‌കീമിൽ 11.643 മെഗാവാട്ട് നിലയങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. നിലവിൽ സബ്സീഡിയോടുകൂടിയുളള സൗര പദ്ധതിലേക്ക് ekiran.kseb.in എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനാകുംവിധം സജ്ജമാക്കുന്ന മികച്ച തുടക്കമാണ് സൗര പദ്ധതി.