ജില്ലയില്‍ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന് തുടക്കമായി

18 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള കെ ഡിസ്‌ക് സര്‍വെ ഉടന്‍ തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ലൈഫ് മിഷൻെ മൂന്നാംഘട്ടമായ ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായുള്ള സമ്മതപത്രം സ്വീകരിക്കലും ഭൂമി കൈമാറുന്നവരെ ആദരിക്കലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാറിന്റെ കാലത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ പരമാവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്കായി ഭൂമി കണ്ടെത്തുന്നത് പ്രധാന അജണ്ടയായി പരിഗണിച്ച് ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ‘ മനസ്സോടിത്തിരി മണ്ണ്’ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള സൂക്ഷമ പദ്ധതിയും വാതില്‍പ്പടി സേവന പ്രവര്‍ത്തനങ്ങളും ഏപ്രിലില്‍ തന്നെ തുടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു. സേവനം ജനങ്ങളുടെ അധികാര അവകാശമാണ്. ഭരണമല്ല മറിച്ച സേവനം നല്‍കലാണ് പ്രധാനം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിദാരിദ്ര്യം ഇല്ലാതാക്കല്‍ സര്‍ക്കാറിന്റെ പരമപ്രധാന അജണ്ടയാണ്. സാമ്പത്തിക ശേഷിയില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. ഇതിനായുള്ള നടപടികള്‍ തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടില്‍ കുറവുണ്ടാകില്ലെന്നും പതിവ് രീതിയില്‍ പദ്ധതികള്‍ തയാറാക്കി മുന്നോട്ടുപോകാമെന്നും മന്ത്രി വ്യ്ക്തമാക്കി. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍വതല സ്പര്‍ശിയായ നവീകരണം ഉണ്ടാകണം. ഓരോ നിമിഷവും നാടിനെയും ജനതയെയും നവീകരിക്കാതെ മുന്നോട്ടുപോകാനാകില്ല. നവീകരണത്തിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കുമെന്ന പൊതുബോധമുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. സംരംഭകരുടെ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. സാമ്പത്തിക നേട്ടം ഉണ്ടെങ്കില്‍ മാത്രമേ ഫയല്‍ നീക്കൂവെന്ന സ്വഭാവമുള്ള കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.സസ്‌പെന്‍ഷനൊപ്പം പോലീസ് കേസുമുണ്ടാകും. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. കൃത്യമായ ബോധവത്ക്കരണത്തിലൂടെ സര്‍വീസ് മേഖല ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രണ്ടാംഘട്ട നവകേരള പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെയും ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ രേഖയുടെയുടെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. ഭൂരഹിതരായവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി ഭൂമി വിട്ടുനല്‍കിയ പി.വി അബ്ദുള്‍വഹാബ് എം.പി, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷൈലേഷ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പും പൊതുസര്‍വീസും, രണ്ടാം നവകേരള കര്‍മ്മ പദ്ധതി, 14-ാം പദ്ധതി-സമീപനവും ലക്ഷ്യവും, ലൈഫ് ഭവന പദ്ധതി-മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍, അതിദാരിദ്ര ലഘൂകരണം- മൈക്രോപ്ലാന്‍ തയാറാക്കല്‍, വാതിൽപ്പടി സേവനം വിപുലീകരണം, തൊഴില്‍ ദാതാക്കള്‍- 1000 ജനസംഖ്യയില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്നീ മേഖലകളില്‍ ആവശ്യമായ തുടര്‍ നടപടികള്‍ മന്ത്രി നിര്‍ദേശിച്ചു.