കര്‍ഷകരാണ് നാടിന്റെ യഥാര്‍ത്ഥ സെലിബ്രിറ്റികളെന്നും ഓരോ കര്‍ഷകനെയും ആദരവോടെയാണ് കാണേണ്ടതെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ടൗണ്‍ ഹാളില്‍ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഞങ്ങളും കൃഷിയിലേക്ക് എന്നത് കേവലം പദ്ധതിയുടെ പേരു മാത്രമായി കാണാതെ ഓരോ കുടുംബത്തിന്റെയും മുദ്രാവാക്യമായി മാറണം. സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് കൃഷി നടത്തുന്നത് മാതൃകപരമാണ്.നാം ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടിയാണ്. എന്നാല്‍ ഇന്നത്തെ പല ഭക്ഷണങ്ങളും രോഗങ്ങള്‍ക്കും മരണത്തിനുമാണ് ഇടയാക്കുന്നത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലൂടെ ഈ ദുരവസ്ഥയെ മറികടക്കാന്‍ കഴിയും- മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. മുഖ്യഥിതിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൈ വിതരണോദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകനായ പുഷ്പാംഗദന്‍ കൈതവളപ്പിലിനെചടങ്ങില്‍ ആദരിച്ചു.