വ്യവസായ മേഖലകളില്‍ മന്ത്രിയും 
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും സന്ദര്‍ശനം നടത്തി.
ജില്ലയുടെ പ്രധാന വ്യവസായ മേഖലയായ ഉമയനല്ലൂര്‍ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും കുണ്ടറ കെല്ലിലും പ്രതീക്ഷകളുടെ വഴിതുറന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്റെയും സന്ദര്‍ശനം. പ്രതിസന്ധി നേരിട്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ      ക്വിറ്റ്‌കോസിന് ആവശ്യമായ പ്രവര്‍ത്തന മൂലധനവും പുതുതലമുറ സാങ്കേതിക   വിദ്യയും ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സന്ദര്‍ശനത്തില്‍ പ്രധാനമായും ഉയര്‍ന്നത്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലെയ്ത്ത് മെഷീനുകള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനമെന്ന പരിമിതിയില്‍ നിന്ന് ക്വിറ്റ്‌കോസ് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്വിറ്റ്‌കോസിന് 10 ലക്ഷം രൂപ അനുവദിക്കും. പ്രവര്‍ത്തന മൂലധനവും മറ്റ് ബാധ്യതകളും സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സത്വര ശ്രദ്ധയിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.എന്‍.സി മെഷീനുകളിലേക്കും പ്രിസിഷന്‍ മെഷീനുകളിലേക്കുമുള്ള മാറ്റത്തിലൂടെ മാത്രമേ സ്ഥാപനത്തിന് നിലനില്‍ക്കാനാകുകയുള്ളൂ എന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ വിലയിരുത്തി.
ടൂള്‍ റൂം, സാങ്കേതിക പരിശീലനം, ഉല്‍പ്പാദനം എന്ന ത്രിതല സംരംഭമായി  ക്വിറ്റ്‌കോസിനെ വിശാലമാക്കണം. സാങ്കേതികജ്ഞാനം നേടിയ വിദഗ്ധരുടെ സേവനത്തിലൂടെ തൊഴില്‍ പരിശീലനവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. ഐ.എസ്.ആര്‍.ഒ പോലെയുള്ള സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഗ്രൗണ്ട് ആപ്ലിക്കേഷന്‍ ഹാര്‍ഡ്‌വെയറുകള്‍, പ്രോട്ടോടൈപ്പുകള്‍, ടെസ്റ്റിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉന്നതനിലയിലേക്ക് ഉത്പാദനം മാറണം. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മേഖലയിലെ സിഡ്‌കോ ടൂള്‍സിലും സര്‍ക്കാര്‍ പ്രസിലുമെത്തിയ മന്ത്രിയും ഉപദേഷ്ടാവും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.
കുണ്ടറ കെല്ലിലെ സന്ദര്‍ശന വേളയില്‍ പുതിയ സംരംഭ സാധ്യതകളെക്കുറിച്ച് അവതരണവും ചര്‍ച്ചയും നടന്നു. കെല്ലിന്റെ പ്രവര്‍ത്തന നഷ്ടം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിന് പുതിയ ബിസിനസ് അവസരങ്ങള്‍ സാധ്യമാക്കേണ്ടതുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. ലിത്തിയം അയോണ്‍ ബാറ്ററികളുടെ ഉത്പ്പാദനമെന്ന പുതുസംരംഭ സാധ്യതയെ ഗൗരവത്തോടെ ഏറ്റെടുക്കാന്‍ കെല്ലിന് കഴിയണം. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
റെയില്‍വേയിലെ സാങ്കേതിക മാറ്റങ്ങള്‍ക്ക് അനുസൃതമായി  ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മിച്ച് നല്‍കാന്‍ കഴിയുന്ന സംവിധാനമൊരുക്കാന്‍ കെല്ലിന് കഴിയണം. സര്‍ക്കാര്‍-തദ്ദേശ സ്ഥാപനങ്ങളില്‍ കമ്പനി പുറത്തിറക്കുന്ന ഡീസല്‍ ജനറേറ്ററുകള്‍ മാത്രം വാങ്ങുന്നതിനുള്ള ഇടപെടല്‍ നടത്തും. കുണ്ടറ മണ്ഡലത്തിലെ വ്യവസായ മേഖലകളുടെ അഭിവൃദ്ധിക്കായുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ മന്ത്രി പ്രസംഗിച്ചു.
കെല്‍ ചെയര്‍മാന്‍ അഡ്വ. വര്‍ക്കല ബി. രവികുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗ്ഗീസ്, സിഡ്‌കോ എം.ഡി കെ.ബി. ജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്. ശിവകുമാര്‍, ക്വിറ്റ്‌കോസ് കണ്‍സള്‍ട്ടന്റ് അജിത്ത്കുമാര്‍, ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് സുലോചന, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ബാബു, ഫിഷറീസ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയി ടോംലാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എന്‍. സന്തോഷ്, ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.