കൊച്ചി: പേരണ്ടൂര്‍ കനാലിലെ പോള വാരല്‍ നാലു കിലോമീറ്റര്‍ പൂര്‍ത്തിയായി. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു പിന്നില്‍ നിന്നാരംഭിച്ച് പി ആന്‍ഡ് ടി കോളനി, കടവന്ത്ര മാര്‍ക്കറ്റിന് പിന്‍വശം, ഉദയ കോളനി, കരിന്തല, കമ്മട്ടിപ്പാടം, പുല്ലേപ്പടി, കലൂര്‍ പി.വി.എസ് ഭാഗം വരെ ഏകദേശം നാലു കിലോമീറ്ററിലാണ് പോളവാരല്‍ പൂര്‍ത്തിയായത്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തി. 10 ലക്ഷം രൂപ ചെലവിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തേവര മുതല്‍ പേരണ്ടൂര്‍ വരെ 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കനാലിനുള്ളത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ സംരക്ഷണത്തിന് സമഗ്ര പദ്ധതി ഈ മാസം ആരംഭിക്കും. സംരക്ഷണ ഭിത്തി നിര്‍മ്മാണം, ഫെന്‍സിംഗ്, ചെളി നീക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കടക്കം 16 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീല ദേവി, കൊച്ചി കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
പേരണ്ടൂര്‍ കനാല്‍ ശുചീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ 26 നു പോള നീക്കല്‍ ആരംഭിച്ചെങ്കിലും ഇടയ്ക്ക് തടസപ്പെട്ടിരുന്നു. നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാലിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.