കൊച്ചി: കോട്ടുവള്ളി ഗ്രാമപഞ്ചായത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുമായി ബന്ധപ്പെട്ട് സിഡിഎസ് തലത്തില്‍ ശില്‍പ്പശാല നടത്തി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സി.വി ശാന്ത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് പുറമെ വാര്‍ഡ് അംഗങ്ങളും ശില്പശാലയില്‍ പങ്കെടുത്തു.
ഗ്രാമപ്രദേശങ്ങളിലെ തൊഴില്‍ രഹിതരായിട്ടുള്ള പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലുള്ള സ്ത്രീകളേയും പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള പുരുഷന്‍മാരേയും കണ്ടെത്തി സൗജന്യമായി നൈപുണ്യ വികസന പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ. ഭാരത സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയം ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത പദ്ധതിയാണിത്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
ഈ വര്‍ഷം കോട്ടുവള്ളി പഞ്ചായത്തില്‍ 106 പേരാണ് പരിശീലനം നേടിയത്. കുടുംബശ്രീ അംഗങ്ങള്‍ മുന്‍കൈയെടുത്താണ് തൊഴില്‍രഹിതരായവരെ കണ്ടെത്തുന്നത്. എറണാകുളം ജില്ലയില്‍ രാജഗിരി സോഷ്യല്‍ സയന്‍സ്, പിഎസ്എന്‍ ഓട്ടോ മൊബൈല്‍സ്, അപ്പോളോ മെഡ് സ്‌കില്‍സ്, കിറ്റെക്‌സ് തുടങ്ങി 18 പരിശീലന ഏജന്‍സികളാണ് ഉള്ളത്. തെരഞ്ഞെടുക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. മൂന്ന് മുതല്‍ പത്ത് മാസം വരെ നീണ്ടു നില്‍ക്കുന്ന കോഴ്‌സുകളാണ് നല്‍കുന്നത്.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രെയിനിംഗിന്റേയോ അല്ലെങ്കില്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റേയോ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പരിശീലനം നല്‍കുന്ന ഏജന്‍സികള്‍ എഴുപത് ശതമാനം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണം. ബാക്കിയുള്ള മുപ്പത് ശതമാനം ആളുകള്‍ക്ക് കുടുംബശ്രീ തൊഴില്‍ മേളകള്‍ നടത്തി തൊഴില്‍ ലഭ്യമാക്കണം എന്നാണ് ചട്ടം. സ്വകാര്യ മേഖലയിലാണ് പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ ലഭിക്കുക. കോട്ടുവള്ളി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുള്ളത് കൈറ്റ്‌സ് പാലാരിവട്ടം ആണ്. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പത്ത് ശതമാനം ജനറല്‍ വിഭാഗത്തിനുള്ളതാണ്.
കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോഡിനേറ്ററായ സഫീറ അസീസ് പദ്ധതിയെപ്പറ്റി ക്ലാസെടുത്തു. ലഭ്യമാകുന്ന ഇത്തരം തൊഴിലവസരങ്ങളെപ്പറ്റി പരമാവധി ആളുകളില്‍ എത്തിക്കണമെന്ന് സിഡിഎസ് അംഗങ്ങളോട് അവര്‍ പറഞ്ഞു. സ്വകാര്യ മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്. ഇത്തരം അവസരങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. എ.ബി.സി പദ്ധതിയെ സംബന്ധിച്ചും ശില്പശാലയില്‍ ക്ലാസ് നടന്നു. കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോഡിനേറ്ററായ സുചിത്ര കിരണ്‍ പദ്ധതിയുടെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
കോട്ടുവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി റാഫേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വാര്‍ഡ് മെമ്പര്‍മാരായ സി.കെ അനില്‍കുമാര്‍, മജുമോള്‍, ശ്രീജ പ്രമോദ്, വനജ അശോകന്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.