കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയില്‍ ആറ് വ്യത്യസ്ത കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ് ആദ്യ കോണ്‍ഫറന്‍സ്. ആറ്, ഏഴ് തിയതികളിലായാണ് പരിപാടി. ആറിന് രാവിലെ 11ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
23 സംസ്ഥാനങ്ങളില്‍ നിന്ന് 46 എം. എല്‍. എമാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും. 750 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. മൂന്ന് സെഷനുകള്‍ ഉള്‍പ്പെടുന്നതാണ് സമ്മേളനം. രണ്ടാം സമ്മേളനമായി നാഷണല്‍ വിമന്‍ ലെജിസ്‌ലേച്ചേഴ്‌സ് കോണ്‍ഫറന്‍സ് സെപ്റ്റംബറില്‍ നടക്കും. നാഷണല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് ഒക്‌ടോബറില്‍ നടക്കും. തുടര്‍ന്ന് നിയമസഭാധ്യക്ഷരുടെ സ്‌പെഷ്യല്‍ കോണ്‍ഫറന്‍സ്, നാഷണല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി, കേരള വികസനത്തെ സംബന്ധിക്കുന്ന സമവായ സമ്മേളനം എന്നിവ നടക്കും. നവംബര്‍ ഒന്നിന് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി കോണ്‍ഫറന്‍സുകള്‍ സമാപിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
ആറിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെഷനില്‍ പൂനെ വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രാഹുല്‍ വി. കാരാട്, ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, പ്രൊഫ. കാഞ്ച ഇലയ്യ, ജെ. എന്‍. യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിലെ പ്രൊഫ.ഗോപാല്‍ ഗുരു, ഡോ. നരേന്ദ്രജാഥവ് എന്നിവര്‍ പങ്കെടുക്കും. നാലിന് ആരംഭിക്കുന്ന റീജ്യണല്‍ കോണ്‍ഫറന്‍സില്‍ മന്ത്രിമാരും എം. എല്‍. എമാരും സംബന്ധിക്കും. എസ്.സി,എസ്. ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജി, പ്രൊഫ. എം. ദാസന്‍, കണ്ണൂര്‍ സര്‍വകലാശാല ആന്ത്രോപ്പോളജി വിഭാഗം മുന്‍ മേധാവി ഡോ. വിനീത മേനോന്‍, മണിറ്റോബ സര്‍വകലാശാല ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. ജോസഫ് ഫ്രാന്‍സിസ് മുഞ്ഞാട്ട്, കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ്, പ്രൊഫ. പി. ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏഴിന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സാമൂഹ്യ നീതി കേന്ദ്രസഹ മന്ത്രി രാംദാസ് അത്താവാലെ, എം. പിമാരായ കൊടിക്കുന്നില്‍ സുരേഷ്, പി. കെ. ബിജു, കെ. സോമപ്രസാദ്, എം. എല്‍. എമാരായ ഇ. പി. ജയരാജന്‍, ഡോ. എം. കെ. മുനീര്‍, ഒ. രാജഗോപാല്‍, വി. പി. സജീന്ദ്രന്‍, സി. കെ. ആശ, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മുന്‍ ഉപദേശകന്‍ പി. എസ്. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.