*സംഘാടക സമിതി രൂപികരിച്ചു

കേരളത്തിന്റെ സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതുമായ വിപുലമായ ‘സഹകരണ എക്സ്പോ 2022’ എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എറണാകുളം ബിടിഎച്ചിൽ സഹകരണ എക്സ്പോ സംഘാടക സമിതി രൂപീകരണയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയിൽ അപ്പക്സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി സമൂഹത്തിനെ ബോധ്യപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മാതൃകകൾ ആഗോള, ദേശീയതലത്തിൽ പരിചയപ്പെടുത്തുക, സംസ്ഥാനത്തെ സഹകരണ മേഖലയിലെ നേട്ടങ്ങൾ പ്രചരിപ്പിക്കുക, സഹകരണ മേഖലയിലെ വിവിധങ്ങളായ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുക, അവയ്ക്ക് വിപണയിൽ സ്ഥാനമുറപ്പിക്കുക, കൂടുതൽ മൂല്യവർധിത ഉല്പന്ന നിർമ്മാണത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക, പുതിയ സാധ്യതകൾ അവതരിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ എക്സ്പോയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എക്സ്പോയുടെ ഭാഗമായി ദേശീയ-സംസ്ഥാനതലത്തിൽ ശ്രദ്ധേയരായ പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകൾ, സഹകരണമേഖലയിലെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തൽ, സംസ്‌കാരിക പരിപാടികൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. ദിവസവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. വിപുലമായ ഫുഡ്കോർട്ടും ഒരുക്കും. സഹകരണ മേഖലയെ സംബന്ധിച്ച് വീഡിയോ പ്രദർശനങ്ങളും ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകൾ ഇതോടൊപ്പം സംഘടിപ്പിക്കും.


23,000 ത്തോളം സഹകരണ സംഘങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. സഹകരണ രജിസ്ട്രാറിന്റെ കീഴിൽ 16112 സംഘങ്ങളും ഫംഗ്ഷണൽ രജിസ്ട്രാർമാരുടെ നിയന്ത്രണത്തിൽ ഏഴായിരത്തോളം സംഘങ്ങളും ഉൾപ്പെടെയാണ് 23,000ത്തോളം സഹകരണ സംഘങ്ങൾ സംസ്ഥാനത്തിന് താങ്ങും തണലുമായാണ് പ്രവർത്തിക്കുന്നത്. ക്രെഡിറ്റ്, ആതുര സേവനം, ഭവന നിർമ്മാണം, വിദ്യാഭ്യാസം, കൺസ്യുമർ, വ്യവസായം, മത്സ്യ, കശുവണ്ടി, കയർ തുടങ്ങി എല്ലാമേഖലകളിലും ശക്തമായ സാന്നിധ്യമാണ് സഹകരണ സംഘങ്ങളുടേത്. ഈ സർക്കാർ വന്നതിനുശേഷം യുവാക്കളെ ലക്ഷ്യമിട്ടുള്ള 30 സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. ഇവയുടെ നേതൃത്വത്തിൽ ഇവന്റ് മാനേജ്മെന്റ് മുതൽ ഐടി വരെയുള്ള യൂണിറ്റുകൾ ആരംഭിച്ച് പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ വരുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളും രജിസ്റ്റർ ചെയ്തു. കാർഷിക മേഖലയിൽ നെല്ല് സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പാലക്കാടും, കോട്ടയത്തും രണ്ടു സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. കലാകാരന്‍മാരുടെ സഹകരണ സംഘവും രജിസ്റ്റർ ചെയ്തു. രണ്ടാം 100 ദിന കർമപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് അവർക്ക് തൊഴിൽ ലഭ്യമാക്കുന്ന ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫുട്ബോൾ രംഗത്തേക്കും സഹകരണ മേഖല കടന്നുവരുകയാണെന്ന് മന്ത്രി പറഞ്ഞു.

സഹകരണ മേഖലയുടെ എല്ലാവിധ ഇടപെടലുകളും അവരുടെ ഉല്പന്നങ്ങളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാകും സഹകരണ എക്സ്പോയെന്ന് മന്ത്രി പറഞ്ഞു.
ഫങ്ങ്ഷണൽ രജിസ്ട്രാർമാരുടെ നിയന്ത്രണത്തിലുള്ള മിൽമ, മത്സ്യഫെഡ്, കയർഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും എക്സ്പോയിൽ അവസരം ഒരുക്കും. എസ്പിസിഎസിന്റെ പുസ്തക പ്രദർശനവും വില്പനയുമുണ്ടാകും. സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനങ്ങളായ കേരള ബാങ്ക്, യുഎൽസിസിഎസ്, കൺസ്യൂമർ ഫെഡ്, മാർക്കറ്റ്ഫെഡ്, എസി/എസ്ടി ഫെഡ്, പ്രധാന സഹകരണ ഹോസ്പിറ്റലുകൾ തുടങ്ങിയവയുടെ പ്രത്യേക പവലിയനുകളും ഒരുക്കും. സഹകരണ വകുപ്പിന്റെ ചരിത്രം, വികാസ പരിണാമങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികളെ സംബന്ധിച്ചും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരണങ്ങൾ നല്കിക്കൊണ്ടും ഒരു പ്രത്യേക പവലിയൻ സജ്ജമാക്കും.

എറണാകുളം ബിടിഎച്ചിൽ നടന്ന സംഘാടക സമിതിയോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷതവഹിച്ച യോഗത്തിൽ ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, മുൻ സഹകരണവകുപ്പ് മന്ത്രി എസ്.ശർമ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി നൂഹ്, ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ, ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ്, തിരുവനന്തപുരം സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ(ക്രെഡിറ്റ്) എം. ബിനോയ്കുമാർ, എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ.സജീവ് കർത്ത, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചെയർമാനായ സംഘാടക സമിതിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കോ ചെയർമാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വൈസ് ചെയർമാൻ. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറൽ കൺവീനറും രജിസ്ട്രാർ പി.ബി നൂഹ് കൺവീനറും ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ ജോയിന്റ് കൺവീനറുമാണ്. എം.പിമാർ, കൊച്ചി മേയർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങി 144 പേർ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപികരിച്ചത്.