ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന കാര്‍ഷിക മേഖലയ്ക്ക്. പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി. ഓമനയാണ് 91,23,58,000 രൂപ വരവും 91,22,08,000 രൂപ ചെലവും 1,50,000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കാര്‍ഷിക പദ്ധതികള്‍ക്ക് പരിഗണന നല്‍കും. കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കായി പച്ചക്കറി തൈകള്‍ ഉത്പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നഴ്സറി ആരംഭിക്കും. സ്ട്രീറ്റ് മെയിന്‍ പദ്ധതിയിലൂടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും. വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി വിജ്ഞാന വാടികള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മുന്‍വശത്ത് ഷോപ്പിംഗ് കോംപ്ലക്സ്, വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി കൂട്ടുകാരി കോര്‍ണര്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.