സംസ്ഥാനം  ക്ഷീരോത്പാദനരംഗത്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ക്ഷീരവികസനവകുപ്പും കോട്ടൂര്‍ ക്ഷീരോല്‍പാദക സഹകരണസംഘവും സംയുക്തമായി കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇലക്ട്രോണിക് മില്‍ക് ടെസ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയും. പച്ചക്കറി മേഖലയിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികമേഖലയില്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത് . പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി മാത്യു .ടി.തോമസിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും പ്രത്യേക വികസന നിധി 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാല്‍പരിശോധന ഉപകരണമായ ഇലക്ട്രോണിക് മില്‍ക്ക് ടെസ്റ്റര്‍ വാങ്ങിയത്. 35,000 രൂപയാണ് ഉപകരണം വാങ്ങുന്നതിന് ചെലവായത്. പാലിലെ കൊഴുപ്പ് അളക്കുന്നതിനുള്ള ഉപകരണമാണിത്. കോട്ടൂര്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തില്‍ 22 ക്ഷീരകര്‍ഷകരുണ്ട്. ഇതോടനുബന്ധിച്ച്  കര്‍ഷകസമ്പര്‍ക്ക പരിപാടിയും മല്ലപ്പള്ളി ക്ഷീരവികസനയൂണിറ്റ് സംഘടിപ്പിച്ച ക്ലാസുകളും നടന്നു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ദിനേശ്., കവിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഹാനോക്ക്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബൈജുക്കുട്ടന്‍,  ടി.കെ തുളസിദാസ്, കവിയൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജി. രജിത്ത്കുമാര്‍, കോട്ടൂര്‍ സംഘം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, പടിഞ്ഞാറ്റുംചേരി സംഘം സെക്രട്ടറി വിമിതാദേവി, മല്ലപ്പള്ളി ക്ഷീരവികസന ഓഫീസര്‍ വിജി വിശ്വനാഥ്, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.