കല്‍പ്പറ്റ: വയനാടിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ ഒരുങ്ങുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് ആറുമാസത്തനുള്ളില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിരിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വന്യജീവികളെയടക്കം ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണിന്നുള്ളതെന്നും കളക്ടര്‍ പറഞ്ഞു. ടൂറിസ മേഖലയിലടക്കം പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. ഇന്നലെ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് എട്ടിന് തുടങ്ങി സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ പ്ലാസ്റ്റിക് വിമുക്ത വയനാട് പദ്ധതിക്കായി കാമ്പയിന്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ശനിയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തുടര്‍ തീരുമാനങ്ങളെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളുടെ അഭാവം ജില്ല നേരിടുന്നുണ്ട്. എല്ലാ തദ്ദേശ സ്വയഭരണസ്ഥാപനങ്ങളിലും ഇതിനുളള സാഹചര്യങ്ങള്‍ ഒരുക്കി വിവാദങ്ങള്‍ക്കിട നല്‍കാതെ പദ്ധതി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. അതിനായി ജന – രാഷ്ട്രീയ – വ്യാപാരി പ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. നിലവില്‍ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ വിജയത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. കണ്ണൂരിലും ഊട്ടിയിലും നടപ്പാക്കിയതിനു സമാനമായ രീതിയിലാണ് ജില്ലയിലും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുക.