ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘മനുഷ്യ മഹായജ്ഞം’ ശുചീകരണ പരിപാടി ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ‘ഇരുതുള്ളിയില്‍ തെളിനീരൊഴുകട്ടെ’ എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാന്‍ ഹരിത കര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, മറ്റു രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി നിരവധിപ്പേര്‍ പരിപാടിയില്‍ പങ്കാളികളായി.
കൊളത്തക്കര, നടമ്മല്‍പൊയില്‍, കൂടത്തായി, വെളിമണ്ണ വാര്‍ഡുകളിലായി 15-ഓളം കിലോമീറ്റര്‍ വിസ്തൃതിയിലാണ് ശുചീകരണ പരിപാടികള്‍ നടന്നത്. ശേഖരിച്ച മാലിന്യം ഗ്രീന്‍ വേംസ് എന്ന മാലിന്യ സംസ്‌കരണ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ സംസ്‌കരിക്കും. പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രാധാമണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൈനുദ്ധിന്‍ കൊളത്തക്കര പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ അബ്ദുള്ളക്കുട്ടി, ഹരിതകേരള മിഷന്‍ ആര്‍.പിമാരായ ഡോണ, സുദിന, ഫാഷിദ്, കൊടുവള്ളി ബ്ലോക്ക് ബി.ഡി.ഒ ബിജിന്‍ ജേക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുത്തു.