വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഈ ആവശ്യത്തിന് ഇത്രയും വർദ്ധിച്ച തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
ബജറ്റ് വിഹിതമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ആദ്യം 1.7 കോടിയും ഇപ്പോൾ അഞ്ച് കോടി രൂപയുമാണ് അധിക തുകയായി അനുവദിച്ചിട്ടുള്ളത്. കുടിശിക തുക മുൻഗണനാ ക്രമത്തിൽ ഉടൻ കൊടുത്തു തീർക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള തുക വിവിധ സർക്കിളുകളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കൈമാറിയിട്ടുണ്ട്.
വന്യജീവി ആക്രമണത്തിന് വിധേയരായ പാവപ്പെട്ട കുടുംബങ്ങളുടെ പ്രയാസവും ദുരിതങ്ങളും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വിഷയത്തിൽ അദ്ദേഹം പ്രത്യേക താത്പര്യമെടുത്തതിന്റെ ഫലമായാണ് തുക അനുവദിച്ചത്.
ഈ തുകയ്ക്ക് പുറമെ കൂടാതെ സ്റ്റേറ്റ് പ്ലാൻ ഫണ്ടിലെ എം.ആർ.എം.എ.സി, ബയോഡൈവേഴ്‌സിറ്റി സംരക്ഷണം എന്നീ രണ്ട് ശീർഷകങ്ങളിൽ നിന്നായി 8,05,45,823 രൂപയും പ്രോജക്റ്റ് എലിഫന്റ് ഫണ്ടിൽ നിന്ന് 57,80,915 രൂപയും വന്യജീവി ആവാസ വ്യവസ്ഥയുടെ സംയോജിത വികസന ഫണ്ടിൽ നിന്നും 10,72,727 രൂപയും ഉൾപ്പെടെ ആകെ 8,73,99,465 രൂപ ഈ സാമ്പത്തിക വർഷം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ആകെ 15,43,99,465 രൂപ നഷ്ടപരിഹാരത്തിന് വിനിയോഗിച്ചു. കുടിശിക തുകയിൽ 90 ശതമാനവും കൊടുത്തു തീർക്കും. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുക അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം മൂലം ആൾനാശവും കൃഷി നാശവും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിവരുന്നു. അഞ്ച് വർഷംകൊണ്ട് നടപ്പിലാക്കേണ്ട 620 കോടി രൂപയുടെ ഒരു പദ്ധതിയും വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും കൈമാറിയിട്ടുണ്ട്.