ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പെട്ടെന്നൊരു തീപിടുത്തമുണ്ടായാല്‍ എന്തു ചെയ്യും? അവിചാരിതമായെത്തുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നതിന്റെ ഉദാഹരണമായിരുന്നു ജില്ലാ ദുരന്തനിവാരണ സമിതിയുടെ മേല്‍നോട്ടത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍.

ശനിയാഴ്ച രാവിലെ 11.45 ന് ഇടുക്കി സിവില്‍സ്റ്റേഷനിലെ മൂന്നാം നിലയില്‍ നിന്ന് വലിയൊരു ശബ്ദവും പുകയും ഉയര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്‌നി രക്ഷാ സേനയുടെ ഫയര്‍ എഞ്ചിനുകള്‍ ഹോണുകള്‍ മുഴക്കി സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് പാഞ്ഞെത്തി. പുറകെ പോലീസ് ജീപ്പുകളും ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും സ്ഥലത്തെത്തി. മുഴുവന്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി കലക്ട്രേറ്റിലെത്തിയ പൊതുജനങ്ങളും എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഓഫീസുകളില്‍ നിന്നും വരാന്തയിലേക്ക് ഓടിയിറങ്ങി. മൂന്നാം നിലയില്‍ തീപിടുത്തം. വരാന്തയില്‍ നിന്ന് ഉയരത്തില്‍ പുക പൊങ്ങുന്നു. ഇതിനിടയില്‍ ഇത് ദുരന്തനിവാരണ വിഭാഗം നടത്തിയ മോക്ഡ്രില്‍ മാത്രമാണെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും വാര്‍ത്ത പരന്നതോടെ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി.

അപായ അലാറം മുഴക്കിയായിരുന്നു ഡ്രില്‍ ആരംഭിച്ചത്. അലാറം മുഴക്കിയ ഉടന്‍ ജീവനക്കാരേയും സന്ദര്‍ശകരേയും ഓഫീസുകളില്‍ നിന്നിറക്കി സുരക്ഷിതമായ അസംബ്ലി ഹാളിലേയ്ക്ക് മാറ്റി. ആദ്യമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ തീ നിയന്ത്രിക്കാന്‍ തുടങ്ങി. ഫയര്‍ എഞ്ചിനുകളില്‍ നിന്നും ഹോസിലൂടെ ഉയരത്തില്‍ വെള്ളം ചീറ്റി തീ കെടുത്തി. കെട്ടിടത്തില്‍ ഏണി ചാരിവെച്ച് അഗ്നിശമന സേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ‘തീപിടിച്ച’ മൂന്നാം നിലയില്‍ നിന്നും കയറും വടവും സ്ട്രെച്ചറും ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ കഴിയാതെ കെട്ടിടത്തിനുള്ളില്‍ ‘കുടുങ്ങിപ്പോയ’ രണ്ട് പേരെ രക്ഷപ്പെടുത്തി.

ഇവര്‍ക്ക് മെഡിക്കല്‍ ടീം പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റി ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി. പോലീസും അഗ്‌നിസുരക്ഷാസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റിയായിരുന്നു പ്രതീകാത്മക സുരക്ഷാ മുന്നൊരുക്കം വിശദമാക്കുന്ന ഡ്രില്‍ നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മോക്ഡ്രില്‍ 12.45 ഓടെ വിജയകരമായി പൂര്‍ത്തിയാക്കി.

ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജിന്റെയും എഡിഎം ഷൈജു പി ജേക്കബ്ബിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തം സംബന്ധിച്ച് മോക്ഡ്രില്‍ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും അഗ്‌നിരക്ഷാസേനാ വിഭാഗവും സംയുക്തമായി കലക്ടറേറ്റില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മോക് ഡ്രില്ലിന് ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ വി ജോയ്, സുധീര്‍ കുമാര്‍ എന്നിവര്‍ അപകടങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, അടിയന്തര ഘട്ടങ്ങളില്‍ അഗ്‌നിശമനോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ എന്നും ജീവനക്കാര്‍ക്ക് വിശദീകരിച്ചു നല്‍കി.
22 ഫയര്‍ ഫോഴ്സ് സേനാ അംഗങ്ങളും. ഐഡിയല്‍ റിലീഫ് വിങ്ങിന്റെ 7 പേരും, സിവില്‍ ഡിഫന്‍സിന്റെ 5 പേരുമാണ് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്.