2018 ലെ പ്രളയത്തില്‍ ഗതാഗതയോഗ്യമല്ലാതായി മാറിയ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് – ആറാംമൈല്‍ – അമ്പതാംമൈല്‍ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം നടന്നു. അഡ്വ. എ രാജ എം എല്‍ എ കരിമുണ്ടസിറ്റിയില്‍ നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടിട്ടുള്ളത്. അമ്പതാംമൈല്‍ മുതല്‍ കള്ളക്കൂട്ടി വരെയുള്ള ഭാഗത്തെ റോഡിന്റെ നിര്‍മ്മാണം രണ്ടാംഘട്ടമായി നടത്തുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ നാല് കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കും.ഇതിനായി മൂന്ന് കോടി 71 ലക്ഷം രൂപ വിനിയോഗിക്കും.ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് ജോലികള്‍ നടത്തുന്നതിനൊപ്പം ഐറിഷ് ഓട,സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണം എന്നിവയും നടത്തും. പ്രളയത്തില്‍ റോഡിന്റെ ചില ഭാഗങ്ങള്‍ ഇടിഞ്ഞ് പോയിരുന്നു. ടാറിംഗ് പൂര്‍ണ്ണമായി ഇളകിപോയതോടെ പ്രദേശവാസികളുടെ യാത്ര അത്യന്തം ദുഷ്‌ക്കരമായി തീര്‍ന്നിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.