ആലപ്പുഴ: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിത്തുത്സവം പരിപാടി എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അന്താരാഷ്ട്ര കായല്‍ നില ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അന്യംനിന്നുവരുന്ന പരമ്പരാഗത കാര്‍ഷിക വിളകളുടെ വിത്ത് പ്രദര്‍ശനം, വിത്ത് കൈമാറ്റം, കാര്‍ഷിക വിപണനം എന്നിവ വിത്തുത്സവത്തിന്റെ ഭാഗമായി നടന്നു.

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. സി.കെ പീതാംബരനും ആലപ്പുഴയുടെ കാര്‍ഷിക സമ്പ്രദായങ്ങള്‍ കാലാവസ്ഥ വ്യതിയാന പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഡോ. കെ. ജി പത്മകുമാറും അന്യം നിന്ന് വരുന്ന കാര്‍ഷിക വിളകള്‍, വിത്ത് സംരക്ഷണം, കാര്‍ഷിക നാട്ടറിവുകള്‍ എന്ന വിഷയത്തില്‍ കര്‍ഷകമിത്ര ടി. എസ് വിശ്വനും ക്ലാസുകള്‍ നയിച്ചു.