സ്ത്രീ അതിജീവനത്തിന്റെ വ്യത്യസ്ത തലങ്ങൾ ചർച്ചചെയ്യുന്ന രണ്ട് ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കമില അന്തിനി സംവിധാനം ചെയ്ത ഇന്തോനേഷ്യൻ ചിത്രം യുനി, ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രം സുഖറ ആൻഡ് ഹെർ സൺസ് എന്നീ ചിത്രങ്ങൾ മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.സ്‌കൂളിലെ മിടുക്കിയായ വിദ്യാർഥിയാണ് യുനി, അവൾ വിവാഹത്തിനായി നിർബന്ധിക്കപ്പെടുന്നതും തന്റെ വിദ്യാഭ്യാസം തുടരാൻ വേണ്ടി അപരിഷ്‌കൃത സമൂഹവുമായി അവൾ നടത്തുന്ന സന്ധിയില്ലാ പോരാട്ടവുമാണ് യുനി എന്ന ചിത്രം അവതരിപ്പിക്കുന്നത്. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേള, ചിക്കാഗോ രാജ്യാന്തര ചലച്ചിത്ര മേള , ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്‌സ് എന്നീ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. മേളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സരിത തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കും.യുദ്ധം കുടുംബ ബന്ധങ്ങളിൽ വരുത്തുന്ന പ്രതിസന്ധികളാണ് ഇൽഗർ നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രമായ സുഗ്ര ആൻഡ് ഹെർ സൺസ് അവതരിപ്പിക്കുന്നത് . ബുസാൻ രാജ്യാന്തര ചലച്ചിത്രമേള , ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്‌സ് എന്നീ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 8.30 ന് സരിത തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കും.