മെച്ചപ്പെട്ട സൗകര്യങ്ങളുമായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചേരാനെല്ലൂർ ആയുർവേദ ആശുപത്രി.ദിവസേന നൂറോളം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.കൂടുതൽ സൗകര്യങ്ങളും കൂടുതൽ സേവനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ഡോക്ടർക്ക് പുറമെ ഫാർമസി ജീവനക്കാരനും അറ്റൻഡർമാരും ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.

1,400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ആശുപത്രിക്കായി ഒരുക്കിയിരിക്കുന്നത്. പരിശോധനാ മുറി, ഫാർമസി, സ്റ്റോക്ക് റൂം, ശുചിമുറികൾ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് എന്നിവയും സജ്ജമാണ്.ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിൽ പഞ്ചായത്ത്‌ കെട്ടിടത്തോട് ചേർന്നാണ് പുതിയ ആശുപത്രി കെട്ടിടവും നിർമിച്ചിട്ടുള്ളത്. ടി.ജെ വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 70 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.