• സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച   കോതമംഗലം – കോട്ടപ്പടി, കുറുപ്പംപടി – കൂട്ടിക്കൽ – വാവേലി – പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

17 കിലോ മീറ്ററോളം വരുന്ന റോഡ് 15 കോടി രൂപ മുടക്കി ആധുനിക രീതിയിൽ ബി.എം.ബി.സി നിലവാരത്തിലാണ് നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി ആവശ്യമുള്ളിടത്ത് റോഡിന് വീതി വര്‍ദ്ധിപ്പിക്കുകയും വെള്ളക്കെട്ടിന് സാധ്യതയുള്ള ഭാഗങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ വെള്ളക്കെട്ടനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് വിരിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം ഓടകളും, കലുങ്കുകളും നിര്‍മ്മിച്ചു. സൂചനാ ബോര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും റോഡില്‍ ക്രമീകരിച്ചിട്ടുണ്ട്.

വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ്.ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.പി അഡ്വ. ജോയ്സ് ജോർജ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ, പഞ്ചായത്ത്‌ മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മൂവാറ്റുപുഴ ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.ദീപ സ്വാഗതവും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.പി ഗിരിജ നന്ദിയും പറഞ്ഞു.