കണ്ണൂര്‍: ഏത് ഇനങ്ങളോടും കിടപിടിക്കാന്‍ കഴിയുന്ന രീതിയില്‍ ഖാദി വസ്ത്രങ്ങള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള കണ്ണൂര്‍ ഖാദി സൗഭാഗ്യ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള ജില്ലയായ കണ്ണൂരില്‍ ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. ഖാദിയിലേക്ക് മടങ്ങുക എന്ന സന്ദേശം നല്‍കുന്നതിന് ഈ കാലഘട്ടം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് അധ്യക്ഷയായി. മേളയിലെ ആദ്യ വില്‍പനയും അവര്‍ നടത്തി. കേരളത്തിലെ എല്ലാവരും ഖാദി വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് ശോഭന ജോര്‍ജ്ജ് പറഞ്ഞു. ഖാദിയുടെ പുതിയ ബ്രാന്‍ഡ് ‘സഖാവ്’ ഷര്‍ട്ടിനെ കുറിച്ചുള്ള വിവാദങ്ങള്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും, സഖാവ് എന്ന പേര് നല്‍കിയത് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനാണെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളുടെ ശ്രദ്ധ ലഭിക്കണമെങ്കില്‍ അവര്‍ക്കിഷ്ടമുള്ള, അവരുടെ മനസ്സില്‍ സ്ഥാനമുള്ള പേര് ബ്രാന്‍ഡിന് നല്‍കണമെന്നേ ബോര്‍ഡ് ആഗ്രഹിച്ചുള്ളൂ. അതിന്റെ ഭാഗമായാണ് ഈ പേരു നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖാദി ബോര്‍ഡ് ‘ലീഡര്‍’ എന്ന പേരില്‍ ഷര്‍ട്ട് പുറത്തിറക്കിയിരുന്നു. അത് ഇപ്പോഴും വിപണിയിലുണ്ട്. അന്ന് ഒരു തരത്തിലുള്ള ആക്ഷേപവും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

സഖാവ് ഷര്‍ട്ടിന്റെ വിപണനോദ്ഘാടനം ദിശ ചെയര്‍മാന്‍ സി ജയചന്ദ്രനു നല്‍കി പി കെ ശ്രീമതി ടീച്ചര്‍ എംപി നിര്‍വഹിച്ചു. ലാളിത്യത്തിന്റെ പ്രതീകമായ ഖാദിയെ അന്തര്‍ ദേശീയ വിപണിയില്‍ എത്തിക്കേണ്ടതുണ്ടെന്ന് എംപി പറഞ്ഞു. ‘സഖാവ്’ പോലുള്ള ഖാദി ബ്രാന്‍ഡുകളെ ഇതിനായി ഉപയോഗപ്പെടുത്താം. ബ്രാന്‍ഡിന്റെ പേരിനെച്ചൊല്ലി വിവാദങ്ങള്‍ ആവശ്യമില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

ഖാദി കുപ്പടം സാരിയുടെ വിപണനോദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ ലിഷ ദീപക്കിനു നല്‍കി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗം കെ ധനഞ്ജയന്‍ നിര്‍വഹിച്ചു. മേളയോടനുബന്ധിച്ചുള്ള സമ്മാന കൂപ്പണ്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ സഹകരണ ബാങ്ക് മാനേജര്‍ ഷീജ ഏറ്റുവാങ്ങി. ഖാദി ജീന്‍സ് വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ടി ശ്യാംകുമാര്‍, കണ്ണൂര്‍ പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മേള ആഗസ്റ്റ് 24 വരെ തുടരും.

ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍: