* ആഗസ്റ്റ് ആറിന് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി ഉദ്ഘാടനം ചെയ്യും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ആഗസ്റ്റ്അഞ്ചിന് കേരളത്തിലെത്തും.
വൈകിട്ട് അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും.
ആഗസ്റ്റ് ആറിന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ അന്ന് വൈകുന്നേരം തങ്ങിയശേഷം ആഗസ്റ്റ് ഏഴിന് രാവിലെ ഒന്‍പതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. തുടര്‍ന്ന്, രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേന തൃശൂരിലേക്ക് തിരിക്കും.
രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് തിരിക്കും.