പുളിക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ആരംഭിച്ച ‘സ്നേഹ’ ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കേരളത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഭിന്നശേഷിക്കാരെ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സയും പരിചരണവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ ജില്ലയിൽ ഏർലി ഇന്റർവെൻഷൻ സെന്റർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ബഡ്സ് സ്കൂളിന് സ്ഥലം കണ്ടെത്തി നൽകിയാൽ കെട്ടിട നിർമാണത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു. മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ ആദ്യമായി ചേർത്തുകൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടി.വി ഇബ്രാഹിം എം.എൽ. എ അധ്യക്ഷനായി.

സ്കൂൾ വിദ്യാർഥികൾക്ക് സഞ്ചരിക്കാനാവശ്യമായ വാഹനം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും സ്കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാവാൻ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും എം.
എൽ.എ അറിയിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പുളിക്കൽ പഞ്ചായത്തിലെ കൊട്ടപ്പുറത്തെ പാണ്ടിയാട്ടു പുറത്ത് വിദ്യാലയം യാഥാർത്ഥ്യമായത്. പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ നാമകരണം, പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു.