വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഞായറാഴ്ച(ആഗസ്റ്റ് 5 ) വൈകിട്ട് 4.30 ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയിലെത്തിയ രാഷ്ട്രപതിയെയും ഭാര്യ സവിതാ കോവിന്ദിനേയും ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി,  ചീഫ് സെക്രട്ടറി ടോംജോസ്, എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ജി. എ. ഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ. വാസുകി, പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇവിടെ നിന്ന്  രാഷ്ട്രപതി രാജ്ഭവനിലേക്ക് പോയി.
നാളെ (ആഗസ്റ്റ് 6) രാവിലെ 11ന് നിയമസഭ സമുച്ചയത്തില്‍ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ചടങ്ങിനു ശേഷം തിരികെ രാജ്ഭവനിലെത്തുന്ന അദ്ദേഹം വൈകിട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.10ന് കൊച്ചി ഐ. എന്‍. എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍  എത്തും. തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോകും. ഏഴിന് രാവിലെ 9 ന് ബോള്‍ഗാട്ടി പാലസിലെത്തുന്ന രാഷ്ട്രപതി ഹൈക്കോടി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാര്‍ എന്നിവരുമായി പ്രാതല്‍ കൂടിക്കാഴ്ച നടത്തും. 9.45ന് ഐ. എന്‍. എസ് ഗരുഡയില്‍ തിരികെയെത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് തിരിക്കും. കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡു മാര്‍ഗം തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എത്തും. രാവിലെ 11ന് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇവിടത്തെ ചടങ്ങിനു ശേഷം 11.50ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കും. 12.10ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മൈതാനത്തിറങ്ങിയ ശേഷം ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. ഇവിടെനിന്ന് തിരികെ കൊച്ചിയിലെത്തി 2.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കേരളത്തില്‍ നിന്ന് മടങ്ങും.