തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം, കടപ്ര വില്ലേജുകളെ പ്രളയ ദുരിത ബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളെ നേരത്തെ പ്രളയ ദുരിതബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതം കണക്കിലെടുത്ത് അപ്പര്‍കുട്ടനാടിനെയും പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയ കെടുതികള്‍ വിലയിരുത്തുന്നതിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് സ്ഥിരം സംവിധാനം രൂപപ്പെടുത്തുന്നതിന് തീരുമാനമായി.  ദുരിതബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായി ഈ പ്രദേശങ്ങളിലെ ബാങ്ക് പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം ഭാവിയില്‍ ഒഴിവാക്കുന്നതിന് വെള്ളം കയറാത്ത രീതിയിലുള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന കാര്യം ആലോചിക്കും. വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്ന സമയത്ത് എത്രയും വേഗം ജനങ്ങളെ ഇത്തരത്തിലുള്ള കെട്ടിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങള്‍ പരിഗണിക്കും. വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ക്കായി പ്രത്യേക സംവിധാനം നടപ്പിലാക്കും. അപ്പര്‍കുട്ടനാട്ടില്‍ ജലം എത്തുന്നത് പത്തനംതിട്ട ജില്ലിലെ മലയോര മേഖലകളില്‍ നിന്നാണ്. ഇവിടെ മഴയുടെ അളവ് കൃത്യമായി നിരീക്ഷിച്ച് വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷിതത്വത്തിനായി വെള്ളപ്പൊക്ക ഭീഷണിയുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഉയര്‍ന്ന പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിച്ച് വളര്‍ത്തുമൃഗങ്ങളെ  വെള്ളപ്പൊക്ക സമയങ്ങളില്‍ ഇവിടേക്ക് മാറ്റുന്നതിനുള്ള സംവിധാനവും ആലോചിക്കും. വെള്ളപ്പൊക്ക സമയങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതു മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനു പരിഹാരമായി ഈ പ്രദേശങ്ങളില്‍ കൂടുതല്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും.
നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളിലെ പുനര്‍നിര്‍മാണം യുദ്ധകാല അടിസ്ഥാനത്തില്‍ ഏറ്റെടുക്കും. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ജല ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കും. ദുരിതബാധിത മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയില്‍ കുടിവെള്ളം ലഭ്യമാക്കും. പരിസരശുചീകരണവും പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതല്‍ നടപടികളും തുടരും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താഴ്ന്ന പാലങ്ങള്‍ വള്ളങ്ങളും ബോട്ടുകളും കടന്നു പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന് ഇത്തരം പാലങ്ങള്‍ ഉയര്‍ത്തി പണിയുന്നതിനും നടപടി സ്വീകരിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ഇവരുടെ ഏകോപനത്തിനായി റവന്യു വകുപ്പില്‍ നിന്നുള്ള  ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.