മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഫിഷറീസ്‌ വകുപ്പ്‌, എന്‍.എസ്‌. സഹകരണ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. പോര്‍ട്ട്‌ കൊല്ലം സെന്റ്‌ ജോസഫ്‌ യു. പി. സ്‌കൂളില്‍ എം. മുകേഷ്‌ എം. എല്‍. എ. ഉദ്‌ഘാടനം നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളികള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ പരമാവധി പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ജന്യ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വ്യക്തിശുചിത്വം തുടങ്ങിയ മേഖലകളില്‍ അറിവു പകരനായി ബോധവത്‌കരണ പരിപാടിയും അനുബന്ധമായി നടത്തി.

ജനറല്‍ മെഡിസിന്‍, ത്വക്‌രോഗം, അസ്ഥിരോഗം, ദന്തരോഗം, മുഖവൈകല്യ ശസ്‌ത്രക്രിയ, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധര്‍ രോഗികളെ പരിശോധിച്ചു.

സൗജന്യമായി മരുന്ന്‌ വിതരണം, രോഗനിര്‍ണയ പരിശോധനകള്‍, കണ്ണടവിതരണം, ഇ. സി. ജി. ടെസ്‌റ്റ്‌ എന്നിവയും നടത്തി. അഞ്ഞൂറോളം മത്സ്യത്തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബെര്‍ളിന്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ മറ്റു കൗണ്‍സിലര്‍മാരായ ഡോ. സുജിത്ത്‌ കുമാര്‍, ഡോ. ഉദയ സുകുമാരന്‍, വിനീതാ വിന്‍സെന്റ്‌, ഗിരിജ സുന്ദരന്‍, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്‌. സലിം, മത്സ്യഭവന്‍ പ്രതിനിധി ശോഭനാ ഉപേന്ദ്രനാഥ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.