ഉത്സവ സീസണുകള്‍ പ്രമാണിച്ച് അമിതവില ഈടാക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. അവധിക്കാലമായതിനാലും വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷക്കാലമായതിനാലും കച്ചവട സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടികള്‍.

ജില്ലയിലെ പ്രധാന ചന്തകള്‍, ഹോട്ടലുകള്‍, പ്രദര്‍ശന വിപണനമേളകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തും. ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. പട്ടികയില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയാല്‍ നടപടി സ്വീകരിക്കും. എസന്‍ഷ്യല്‍ കമോഡിറ്റി ആക്ട് പ്രകാരമുള്ള നടപടികളായിരിക്കും സ്വീകരിക്കുക.

താലൂക്ക്തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന നടത്തുക. താലൂക്ക് സപ്ലൈ ഓഫീസറോടൊപ്പം ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ തുടങ്ങിയ വകുപ്പു പ്രതിനിധികളും സ്‌ക്വാഡിലുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സുരക്ഷയും ഉറപ്പാക്കും. ഭക്ഷണത്തിന്റെ ശുചിത്വ നിലവാരവും ഇതോടൊപ്പം പരിശോധിക്കും. ജനത്തിരക്കേറിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധനകള്‍ നടക്കുക.

ഭക്ഷണ ശാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലവിവര പട്ടികയില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില കച്ചവട സ്ഥാപനങ്ങള്‍ ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച പരാതികള്‍ നല്‍കാം. സ്ഥാപനങ്ങള്‍ നല്‍കിയ ബില്‍ സഹിതം പരാതി സമര്‍പ്പിക്കണം.