കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് നിയമസഭാ മന്ദിരത്തില്‍ പ്രൗഡഗംഭീര തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിളക്കു തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം. എല്‍. എമാര്‍, എം. പിമാര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവടുള്‍പ്പെടെ 68 പേര്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമാകാനെത്തിയിട്ടുണ്ട്.
നിയമസഭയുടെ തെക്കുവശത്ത് ഒരുക്കിയ വിശാലമായ പന്തലിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. രാഷ്ട്രപതിയെത്തുന്നതിന് ഏറെ മുന്‍പ് തന്നെ ഓഡിറ്റോറിയം നിറഞ്ഞിരുന്നു. കൃത്യം 11ന് നിയമസഭയിലെത്തിയ രാഷ്ട്രപതി ആദ്യം നിയമസഭാ സാമാജികര്‍ക്കൊപ്പം ഫോട്ടോ സെഷനില്‍ പങ്കെടുത്തു. തുടര്‍ന്ന് നിയമസഭാ വളപ്പില്‍ ചെടി നട്ടു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ. കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ സംസാരിച്ചു. മന്ത്രിമാര്‍, എ. എല്‍. എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങുകള്‍ക്ക് മുമ്പ് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം വിശദമാക്കുന്ന ഡൊക്യുമെന്ററി പ്രദര്‍ശനം നടന്നു. രാഷ്ട്രപതിക്ക് കേരളത്തിന്റെ ഉപഹാരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം സ്വാഗതഗാനവുമായി മോഹിനിയാട്ടം നര്‍ത്തകിമാര്‍ വേദിയിലെത്തി. മുന്‍നിരയിലൊരുക്കിയ പ്രത്യേക ഇരിപ്പിടത്തിലിരുന്ന് രാഷ്ട്രപതി കലാപരിപാടികള്‍ ആസ്വദിച്ചു. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌കരണങ്ങളും ചരിത്രവും ഉള്‍ക്കൊള്ളിച്ച് പേരാമ്പ്ര മാതായിലെ കലാകാരന്‍മാര്‍ കേരളഗാഥ എന്ന പരിപാടി അവതരിപ്പിച്ചു. ഇന്ത്യയ്ക്ക് കേരളം നല്‍കിയ സംഭാവനകളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച ചര്‍ച്ച ഉച്ചയ്ക്ക് രണ്ടിന് പ്രധാന വേദിയില്‍ ആരംഭിച്ചു. നീതിന്യായ സംവിധാനങ്ങളുടെ ഇടപെടലുകളും അനുഭവങ്ങളും സാധ്യതകളും, ജാതിവ്യവസ്ഥയും പട്ടികവിഭാഗങ്ങളുടെ ഉന്നമനവും, ഭരണഘടനാനുസൃതമായ നീതി: യാഥാര്‍ത്ഥ്യവും പ്രതീക്ഷകളും, സംവരണം ജനാധിപത്യം: ഇന്ത്യന്‍ അനുഭവത്തിലൂടെയുള്ള പരിപ്രേക്ഷ്യം എന്നീവിഷയങ്ങളിലാണ് ചര്‍ച്ച.