മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമാരുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ഇതിനായി മഹാ പഞ്ചായത്തുകൾ നടത്തി ജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കാനും ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. മഹാപഞ്ചായത്ത് പരിപാടിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ശനിയാഴ്ച(ഏപ്രിൽ 9) ജില്ലാ കലക്ടർ ജാഫർ മാലിക് നിർവഹിക്കും. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻ്ററി സ്കൂളാണ് ആദ്യ മഹാപഞ്ചായത്തിന് വേദിയാകുന്നത്.

മൂന്ന് മാസത്തിലൊരിക്കൽ മുൻകൂട്ടി തീരുമാനിച്ച തിയതികളിൽ മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ തോറും മഹാപഞ്ചായത്തുകളും ആവശ്യമെങ്കിൽ തുടർ പഞ്ചായത്തും നടത്താനാണ് തീരുമാനം.

ശനിയാഴ്ചത്തെ മഹാപഞ്ചായത്തിൽ ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളിലായാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ നിയോജക മണ്ഡലം പരിധിയിലുള്ള 11 പഞ്ചായത്തുകൾക്കും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്കുമായി പ്രത്യേക മുറികളിലായി (കൗണ്ടർ) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിനായി 16 കൗണ്ടറുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.

താലൂക്ക് തലത്തിൽ തീർപ്പാക്കേണ്ട പരാതികളിൽ ഉടനടി തീരുമാനം എടുക്കുകയും ബാക്കിയുള്ള പരാതികളിൽ എം.എൽ.എ നേരിട്ട് ഇടപെട്ട്, ഉദ്യോഗസ്ഥ തലത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകൾ തോറും എം.എൽ.എ നേരിട്ടെത്തുന്ന തുടർ പഞ്ചായത്തുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള പരാതി സ്വീകരണ യജ്ഞത്തില്‍ മണ്ഡലത്തിലെ ആർക്ക് വേണമെങ്കിലും പരാതികളും പ്രശ്‌നങ്ങളും എം.എൽ.എക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും അവതരിപ്പിക്കാനാകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍, ലൈഫ് പദ്ധതി, ദുരിതാശ്വാസ ഫണ്ടുകള്‍, പി.എം.എ.വൈ മിഷന്റെ വീടുകള്‍ എന്നിവയ്ക്കാണ് മുഖ്യ പരിഗണന നൽകുക. ഇതിനു പുറമേ ലഭിക്കുന്ന അപേക്ഷകളിലെല്ലാം ആവലാതിക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. നിർമല കോളേജ്, രാജഗിരി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളുടെയും വോളന്റിയർമാരുടെയും സഹകരണത്തോടെയാണ് മഹാപഞ്ചായത്ത് നടത്തുന്നത്