കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പടിഞ്ഞാറെകല്ലട കാര്‍ഷിക വിപണി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കര്‍ഷകര്‍ക്ക് അന്തസുള്ള ജീവിതം നയിക്കാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച് കൃഷി ലാഭകരമാക്കി മാറ്റുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ലക്ഷ്യം പരമാവധി പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഭക്ഷ്യസ്വയം പര്യാപ്തതയ്‌ക്കൊപ്പം തൊഴില്‍സാധ്യത കൂടി വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണി പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ അംഗങ്ങള്‍ ഒരുക്കിയ കാര്‍ഷിക ചന്തയും മന്ത്രി സന്ദര്‍ശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ശിവശങ്കരന്‍നായര്‍, ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡോ.പി.കെ.ഗോപന്‍, ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ അനില്‍.എസ്.കല്ലേലിഭാഗം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.സുധ, വികസന സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.സുധീര്‍, ജില്ലാകൃഷി ഓഫീസര്‍ ഷീബ.കെ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.