രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന ‘എന്റെ കേരളം’ ജില്ലാ തല പ്രദര്‍ശന വിപണനമേളയുടെ സംഘാടകസമിതി യോഗം ചേര്‍ന്നു. ഉപസമിതികള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങളും ഏകദേശ ചിലവും ഉപസമിതി അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ കിഫ്ബി പ്രതിനിധികളോടൊപ്പം ഏപ്രിൽ 12ന്ഒ രാവിലെ ന്‍പതിന് പ്രദര്‍ശന വേദി സന്ദര്‍ശിക്കും. ശേഷം 12 മണിക്ക് ഓണ്‍ലൈനായി യോഗം ചേരാനും സമിതി തീരുമാനിച്ചു.
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 7 ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തില്‍ സംഘടിപ്പിക്കുന്നത്. കാര്‍ഷിക-പ്രദര്‍ശന വിപണന മേള, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേകം സ്റ്റാളുകള്‍, വിവിധ പ്രാദേശികമായ കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ എന്നിവര്‍ ഉപസമിതി നിര്‍ദേശങ്ങള്‍ വിലയിരുത്തി. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധിപേര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ പങ്കുവച്ചു.