അനാരോഗ്യം ബാധിച്ച് നിരാശ്രയരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുവാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ഒരു രജിസ്‌ട്രേഡ് സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനമായിരിക്കണം.

ആശുപത്രി അധികൃതരോ പൊലീസ് അധികാരികളോ, ജില്ലാ സാമൂഹ്യനീതി ഓഫീസറോ ഏല്‍പ്പിക്കുന്നവരെ ഏറ്റെടുത്ത് അവര്‍ക്ക് വേണ്ട സംരക്ഷണവും ആരോഗ്യ ശുശ്രൂഷയും മറ്റു സേവനങ്ങളും മെച്ചപ്പെട്ട രീതിയില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇങ്ങനെ ഏല്‍പ്പിക്കുന്നവരെയും രോഗം ഭേദമായത്തിനു ശേഷം ബന്ധുക്കളാരും സ്വീകരിക്കാത്തവര്‍ക്കും മാത്രമേ ഗ്രാന്റിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് 1500/ രൂപ നിരക്കില്‍ പ്രതിമാസം ഗ്രാന്റ് നല്‍കും.

സ്ഥാപനം മെച്ചപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ടു പോകുവാന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സംഘടനയ്ക്ക് സാമ്പത്തികം ഉണ്ടായിരിക്കണം. സ്ഥാപനത്തില്‍ അന്തേവാസികളെ പാര്‍പ്പിക്കുവാന്‍ സൗകര്യപ്രദവും സുരക്ഷിതവുമായ കെട്ടിടം ഉണ്ടായിരിക്കണം. കൂടാതെ നിയമ പ്രകാരം രൂപീകരിക്കപ്പെട്ട ഭരണസമിതി ഉണ്ടായിരിക്കണം. ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ വേണ്ടി ലാഭേച്ഛയോടെ നടത്തുന്ന സ്ഥാപനം ആകരുത്. സ്ഥാപനങ്ങള്‍ തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരെയും നിരാലംബരായവരെയും സംരക്ഷിക്കാന്‍ തയ്യാറുള്ളവരായിരിക്കണം. ഇപ്രകാരം ഏല്‍പ്പിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ബന്ധുക്കളെ കണ്ടെത്തിയാല്‍ രണ്ടു കൂട്ടര്‍ക്കും ശരിയായ കൗണ്‍സിലിംഗ് നല്‍കേണ്ടതും, കൗണ്‍സിലിങ്ങിലൂടെ ഇവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തി സ്ഥാപനത്തില്‍ കഴിയുന്നവരെ ബന്ധുക്കളെ ഏല്‍പ്പിച്ച് വിടുന്നതിനുള്ള ചുമതലകളും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കും.
ഒരു ക്ഷേമ സ്ഥാപനത്തിലെ താമസക്കാര്‍ക്ക് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും അപേക്ഷിക്കുന്ന സ്ഥാപനത്തില്‍ ഉണ്ടായിരിക്കണം.
താല്പര്യമുള്ള സ്ഥാപനങ്ങള്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം വിശദമായ അപേക്ഷ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

1. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയ അംഗീകാര സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
2.സംഘടന, അസോസിയേഷന്‍, ബൈലോ എന്നിവയുടെ പകര്‍പ്പ്
3.കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓഡിറ്റഡ് സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സ്
4. നിലവിലുള്ള ഭരണ സമിതി അംഗങ്ങളുടെ പേരും വിലാസവും തെരഞ്ഞെടുക്കപ്പെട്ട
തീയതിയും
5.വാടകക്കെട്ടിടം ആണെങ്കില്‍ ഇത് സംബന്ധിച്ച് കെട്ടിട ഉടമയുമായി ഉണ്ടാക്കിയ
എഗ്രിമെന്റ്
6.കെട്ടിടത്തിന് വിസ്തൃതി തെളിയിക്കുന്നതിന് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്
7.ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ സ്ഥാപനത്തിലെ ശുചിത്വ സര്‍ട്ടിഫിക്കറ്റ്
8.ജീവനക്കാരുടെ ലിസ്റ്റ്

അപേക്ഷകള്‍ 2022, മെയ് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി
മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ (മൂന്നാം നില). തൊടുപുഴ പി ഒ, പിന്‍- 685584 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0486-2228163.