വികസനവും ക്ഷേമവും ലക്ഷ്യമാക്കിയാണ് എടത്തല ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ
 
പശ്ചാത്തലമേഖല
 
റോഡ്, കാന, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിച്ച് പുനരുദ്ധരിച്ചതിലൂടെ ജലദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാനായി. അങ്കണവാടി കെട്ടിടങ്ങളിൽ മോശമായവ പുനർനിർമിച്ചു. തെരുവുവിളക്ക് ഇല്ലാത്തയിടങ്ങളിൽ പുതിയവ നൽകാനും സാധിച്ചു. വൈദ്യുതി ലൈൻ വലിക്കാത്ത ഇടങ്ങളിലേക്ക് അതിനായി സൗകര്യം ചെയ്തു. നിലാവ് പദ്ധതിയിലൂടെ തെരുവുകളിൽ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു.
 
ഉത്പാദന മേഖല
 
2021- 22 വാർഷിക പദ്ധതിയിൽ കൃഷിക്കും, മൃ​ഗസംരക്ഷണത്തിനും പ്രാധാന്യം നൽകി. കന്നുകാലി വളർത്തൽ, പോത്തുകുട്ടി പരിപാലനം തുടങ്ങിയവ ചെയ്തുവരുന്നു. തോടുകളും പൊതുകിണറുകളും നവീകരിച്ചു; നീർച്ചാലുകളും വൃത്തിയാക്കി. കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാത്ത പ്രദേശങ്ങളിൽ പൈപ്പ് ലൈൻ നൽകാനും സാധിച്ചു. ഇതിലൂടെ ജലദൗർലഭ്യം ഒരു പരിധിവരെ പരിഹരിക്കാനായി. ജല ജീവൻ മിഷനിലൂടെ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് കണക്ഷൻ നൽകാൻ സാധിച്ചു.
 
കോവിഡ് പ്രതിരോധം
 
ശാന്തി​ഗിരി ആശ്രമത്തിൽ ഡി.സി.സി ആരംഭിച്ചു. അവശ്യവസ്തുക്കളോടൊപ്പം നാൽപ്പത് ബെഡുകളും സെന്ററിൽ ലഭ്യമാക്കി. വിവിധ പ്രദേശങ്ങളിലെ ഔട്ട് റീച്ച് സെക്ഷനുകളിലായി കോവിഡ് വാക്സിനേഷൻ നൂറുശതമാനം പൂർത്തിയാക്കി. രോഗികൾക്കായി സാമൂഹ്യ അടുക്കള ആരംഭിച്ചു. പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
 
കുടുംബശ്രീ
 
കുടുംബശ്രീ വഴി കൃഷിയിലും സ്വയംസംരംഭങ്ങൾക്കും പ്രാധാന്യം നൽകി. കുടുംബശ്രീയുടെ രണ്ട് ജനകീയ ഹോട്ടലുകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതല ഭിന്നശേഷി കലോത്സവം പഞ്ചായത്തിൽ സംഘടിപ്പിച്ചു.
 
ലൈഫ്‌ ഭവന പദ്ധതി
 
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നൂറ് വീടുകൾ നിർമിച്ചുനൽകി. വീടും സ്ഥലവും ഇല്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിനായി 80 പേർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകി.
 
തൊഴിലുറപ്പ് പദ്ധതി
 
തൊഴിലുറപ്പ് പദ്ധതിക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു. തൊഴിലാളികൾക്ക് വേണ്ട തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തി. റോഡുകളുടേയും തോടുകളുടേയും നവീകരണ പ്രവൃത്തികളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി. കമ്പോസ്റ്റ് നിർമാണം, സോപ്പ് കിറ്റ് നിർമാണം എന്നിവ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ചെയ്തു. തൊഴിലാളികൾക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തി.
കാർഷിക കർമ്മസേനയുടെ ഉത്പാദന കേന്ദ്രത്തിലൂടെ കൃഷിക്കാവശ്യമായ വിത്തുകളും തൈകളും കൃഷിഭവനുകൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഹരിത കർമസേനയും പഞ്ചായത്തിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.