വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തിച്ചു ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഷോയ്ക്ക് ഏപ്രിൽ 21ന് അയ്യങ്കാളി ഹാളിൽ തുടക്കമാകും. ഏപ്രിൽ 21, 22ന് നടക്കുന്ന ഷോ വൈകിട്ട് അഞ്ചിനു വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതുതലമുറയെ ഖാദിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഖാദി ഷോ സംഘടിപ്പിക്കുന്നതെന്നു ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി(ഐ.എഫ്.ടി.കെ) ചേർന്നാണു പുത്തൻ റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങൾ ബോർഡ് നിർമിക്കുന്നത്. ഇവയ്ക്കൊപ്പം പരമ്പരാഗത മുണ്ടുകൾ, സാരി, കൈലികൾ തുടങ്ങിയവയുമുണ്ടാകും. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഉത്പന്നങ്ങളായ ശുദ്ധമായ തേൻ, എള്ളെണ്ണ, പഞ്ഞിക്കിടക്കകൾ തുടങ്ങിവയും ഷോയിൽ ഒരുക്കിയിട്ടുണ്ട്.
ഐ.എഫ്.ടി.കെയുമായി ചേർന്നു ഖാദി ബോർഡ് നിർമിക്കുന്ന നവീന വസ്ത്രങ്ങൾ ബോർഡിന്റെ 200 ഓളം ഔട്ട്ലെറ്റുകളിലും ലഭിക്കും. 45 പ്രീമിയം ഔട്ട്ലെറ്റുകളിൽ ഐ.എഫ്.ടി.കെയിലെ ഡിസൈനർമാരുടെ സേവനം ലഭ്യമാക്കും. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈൻ വസ്ത്രങ്ങൾ ഇവിടങ്ങളിൽനിന്നു തയ്ച്ചു നൽകുന്നതിനും സൗകര്യമുണ്ടാകും.
വസ്ത്ര ഷോപ്പിങ് പുതിയ അനുഭവമാക്കാൻ ഖാദി ബോർഡ് സംസ്ഥാനത്ത് പുതുതായി 75 ഷോറൂമുകൾ തുടങ്ങുമെന്നും വൈസ് ചെയർമാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ഓൺലൈൻ വസ്ത്രവ്യാപാരത്തിനായി ഫ്ളിപ്കാർട്ടുമായി ബോർഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. വ്യാജ ഖാദി വിണിയിൽ എത്തുന്നതു തടയുന്നതിനും ഓൺലൈൻ വിൽപ്പന സഹായിക്കും. ഷോറൂമുകളിൽ ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് എം.ബി.എ. മാർക്കറ്റിങ് യോഗ്യതയുള്ളവരെ നിയോഗിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷം 150 കോടി രൂപയുടെ വിൽപ്പനയാണു ബോർഡ് പ്രതീക്ഷിക്കുന്നത്. 2022-23ൽ ഒരു ലക്ഷം പുതിയ സംരംഭങ്ങളെന്ന വ്യവസായ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി 6500 പുതിയ സംരംഭങ്ങളാണു ബോർഡ് ലക്ഷ്യമിടുന്നത്. കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധനയിൽ ഊന്നിയുള്ള പുതിയ വ്യവസായ സംരംഭങ്ങൾ ബോർഡ് പ്രോത്സാഹിപ്പിക്കും. നിർജീവമായ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനും പദ്ധതിയുണ്ട്. പ്രവർത്തനരഹിതമായ ഖാദി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.