പുതിയതായി 1308 വ്യവസായ യൂണിറ്റുകള്‍,208.911 കോടി രൂപയുടെ നിക്ഷേപം;5936 തൊഴില്‍ അവസരങ്ങള്‍
കോവിഡ് പ്രതിസന്ധിയില്‍ ഉലയാതെ സംരംഭകര്‍ക്കു പിന്തുണ നല്‍കുകയാണ് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം. 2021-2022 സാമ്പത്തിക വര്‍ഷം ജില്ലയില്‍ പുതിയതായി 1308 സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചു. ഇതിലൂടെ 208.911 കോടി രൂപ നിക്ഷേപം ഉണ്ടായി. 5936 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
സൂക്ഷ്മ ചെറുകിട സംരംഭകര്‍ക്കു പ്രാധാന്യം നല്‍കിയാണു പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. കോവിഡ് കാലത്ത് ഈ മേഖലയുടെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പദ്ധതിയിലൂടെ 31.99 ലക്ഷം രൂപ 156 സംരംഭകര്‍ക്കായി നല്‍കി. സംരംഭകത്വ സഹായ പദ്ധതി വഴി 9.73 കോടി രൂപ 129 സംരംഭകര്‍ക്കു വിതരണം ചെയ്തു. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി വഴി 171 സംരംഭകര്‍ക്ക് 426.59 ലക്ഷം രൂപ വിതരണം ചെയ്തു.
മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതി വഴി 190.01 ലക്ഷം രൂപ 57 നാനോ യൂണിറ്റുകള്‍ക്കു നല്‍കി. നാനോ ഹൗസ് ഹോള്‍ഡ് യൂണിറ്റുകള്‍ക്കുള്ള ഇന്‍ട്രസ്റ്റ് സബ്വെന്‍ഷന്‍ പദ്ധതി വഴി 10 വ്യവസായ യൂണിറ്റുകള്‍ക്കായി 14,30,076 രൂപ ധനസഹായം നല്‍കി.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ പ്രദര്‍ശനങ്ങള്‍ വഴി സംരംഭകര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പുതിയ സാധ്യതകള്‍ക്കു വഴിതുറന്നു. സംസ്ഥാനതലത്തില്‍ നടത്തിയ മെഷീന്‍ എക്‌സ്‌പോ നൂതന സാങ്കേതിക വിദ്യകള്‍ മനസിലാക്കുവാന്‍ സംരംഭകര്‍ക്കു സാധിച്ചു. ജില്ലയില്‍ നടത്തിയ 8 ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ 559 പേര്‍ പങ്കെടുത്തു, 17 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചു. വ്യവസായ സംരംഭങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കുന്നതിനു നിലവിലെ 4 വ്യവസായ ക്ലസ്റ്ററുകള്‍ കൂടാതെ മലബാര്‍ പ്ലൈവുഡ് ക്ലസ്റ്റര്‍, കാലടി സ്റ്റീല്‍ ക്ലസ്റ്റര്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മലബാര്‍ പ്ലൈവുഡ് ക്ലസ്റ്ററിനായി 1404.12 ലക്ഷം രൂപയും, കാലടി സ്റ്റീല്‍ ക്ലസ്റ്ററിനായി 1591.27 ലക്ഷം രൂപയും പദ്ധതി ചെലവിനായി അംഗീകരിച്ചിട്ടുണ്ട്.
വ്യവസായം തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കുന്ന സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി 3 പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും 108 പേര്‍ പങ്കെടുക്കുകയും ചെയ്തു.
ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ഈ വര്‍ഷം 25 പേര്‍ക്ക് പരിശീലനം നല്‍കി. സംരംഭകത്വ ബോധവത്കരണം പദ്ധതി വഴി താലൂക്ക്, ബ്ലോക്ക് തലങ്ങളില്‍ സംഘടിപ്പിച്ച 29 പരിപാടികളില്‍ 1667 പേര്‍ പങ്കെടുത്തു. 104 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചു.
ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പി.എം.എഫ്.എം.ഇ പദ്ധതിക്ക് 34 അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്. പുതിയ സംരംഭകരുടെ നൈപുണ്യ വികസനത്തിനും പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചു ബോധവല്‍ക്കണ നല്‍കുന്നതിനും ടെക്‌നിക്കല്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം,
ടെക്‌നോളജി ക്ലിനിക് തുടങ്ങിയ പദ്ധതികള്‍ നടത്തിവരുന്നു. വിവിധ പദ്ധതികളിലൂടെ നിലവിലുള്ള സംരംഭകര്‍ക്കു പിന്തുണ നല്‍കുകയും പുതിയ സംരംഭകര്‍ക്കു പുതുവഴി തുറന്നു നല്‍കുകയുമാണ് ജില്ലാ വ്യവസായ കേന്ദ്രം.