കേരളത്തിലെ ഗ്രാമപ്രദേശങ്ങളെ ഹുണ്ടിക വ്യാപാരികളില്‍നിന്നു രക്ഷിച്ചത് സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതികള്‍, ഇന്‍കം ടാക്‌സ്, ജി.എസ്.ടി എന്നീ നിയമങ്ങളില്‍ സഹകരണ സ്ഥാപനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ മേഖലയുടെ വിപുലീകരണം കൂടുതല്‍ ആളുകളെ അതിലേക്ക് ആകര്‍ഷിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സഹകരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സഹകരണ ബാങ്കുകളുടെ സാമ്പത്തിക മേഖലയിലെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നും സഹകരണ മേഖലയുടെ അവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി ദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എ.സി.എസ്.ടി.ഐ ഡയറക്ടര്‍ ബി.പി പിള്ള പ്രബന്ധാവതരണം നടത്തി. ഹൈക്കോടതിയിലെ സീനിയര്‍ അഡ്വ.പി.സി ശശിധരന്‍, സഹകരണ സംഘം റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്പ്, അഡ്വ.ഡോ. കെ.പി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സ്‌നേഹോപഹാരം നല്‍കി.