മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. മറയൂരിലെ ചന്ദനക്കാടുകളെ ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ് ‘ എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് 2000-ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചർച്ച ചെയ്യാനായി വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ചേമ്പറിൽ ബുധനാഴ്ച വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
മറയൂരിലെ ചന്ദനമരങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ചന്ദന തൈകൾ വെച്ചു പിടിപ്പിക്കുന്നതിനും ചന്ദനം വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി തുടർനടപടി സ്വീകരിക്കും.
ചന്ദന മരങ്ങൾക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബാംഗ്ലൂരിലെ വുഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തുന്ന പഠന റിപ്പോർട്ട് ലഭ്യമായ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.