ഇടുക്കി താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ ആണ് തുറന്നത്. കൊന്നത്തടി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. പണിക്കന്‍കുടി ജി.എല്‍.പി.എസില്‍ മൂന്ന് കുടുംബങ്ങളിലായി 9 പേരും, പന്നിയാര്‍കുട്ടി എല്‍.പി.എസില്‍ 9 കുടുംബങ്ങളിലായി 30 ആള്‍ക്കാരും മുള്ളരിക്കുടി ജി.എല്‍.പി.എസില്‍ 7 കുടുംബങ്ങളിലായി 24 ആള്‍ക്കാരുമുണ്ട്. വാത്തിക്കുടി വില്ലേജില്‍ ഒരു ക്യാമ്പ് തുറന്നു ഇവിടത്തെ രാജപുരം യു.പി.എസില്‍ 15 കുടുംബങ്ങളിലായി 60 ആള്‍ക്കാര്‍ താമസിക്കുന്നു.  കഞ്ഞിക്കുഴി വില്ലേജില്‍ ഒരു ക്യാമ്പാണ് തുറന്നിരിക്കുന്നത്. ഇവിടത്തെ കീരിത്തോട് സെന്റ്‌മേരീസ് പാരീഷ്ഹാളിലെ ക്യാമ്പില്‍ 30 കുടുംബങ്ങളിലായി 90 ഓളം പേരാണ് ഉള്ളത്.ഈ ക്യാമ്പ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘം സന്ദര്‍ശിച്ചു.
ചെറുതോണി ഡാം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍  തുറന്നു. ഉച്ചയ്ക്ക് 12.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, വൈദ്യുതി ബോര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ്  പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നത്. ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഒരു ഷട്ടറാണ്  50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്.
വൈദ്യുതി ബോര്‍ഡിലെ ഡാം സുരക്ഷാ വിഭാഗമാണ് ഷട്ടര്‍ തുറക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. ഡാം സേഫ്റ്റി ഡിവിഷന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ് ബാലുവിന്റെ നേതൃത്വത്തില്‍  അലോഷി,  ആര്‍. ചന്ദ്രശേഖരന്‍, ഗണേശന്‍, സെബി എം.കുര്യാക്കോസ്,സന്ധ്യ ശങ്കര്‍, ഓപ്പറേറ്റര്‍മാരായ സിബി, അമല്‍, ലിജോ, പ്രിന്‍സ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ഷട്ടര്‍ തുറന്നത്.