സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി ചര്‍ച്ച നടത്തി. സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശ്രീനാരായണ ഗുരു സര്‍ക്യൂട്ട്, കാലടി – മലയാറ്റൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട്, അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ട്, മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി, തീരദേശ സര്‍ക്യൂട്ട്, കണ്ണൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട് എന്നിവയ്ക്കും, പ്രസാദ് പദ്ധതി പ്രകാരം നാലമ്പലം സര്‍ക്യൂട്ട്, സെന്റ് തോമസ് അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രം എന്നിവയ്ക്കും കേന്ദ്രാനുമതിയും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 4 നാണ് കാലടി – മലയാറ്റൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി രേഖയും, അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ട് പദ്ധതി രേഖയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. 60 കോടിയോളം രൂപയാണ് കാലടി – മലയാറ്റൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ചെലവായി കണക്കാക്കിയിരിക്കുന്നത്. അതിരപ്പളളി പദ്ധതിക്ക് 40 കോടി രൂപയും വേണ്ടിവരും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിയുടെ എസ്റ്റിമേറ്റ് 118 കോടി രൂപയാണ്. മലബാറിന്റെ ടൂറിസം രംഗത്ത് വന്‍ പ്രതീക്ഷയായ മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് 84 കോടിയോളം രൂപ അനുവദിക്കണമെന്ന അപേക്ഷയും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഇതില്‍ എത്രയും വേഗം അനുകൂല നടപടി ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രിയോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കേരള തീരദേശ സര്‍ക്യൂട്ടിന് 157 കോടി രൂപയും, കണ്ണൂര്‍ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 63 കോടി രൂപയും ചെലവ് കണക്കാക്കുന്ന പദ്ധതി നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ കേന്ദ്രസഹായം അനുവദിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രി കടകംപളളി സുരേന്ദ്രന്‍ ധരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ബില്ല ഐഎഎസ്,സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
