കട്ടപ്പന താലൂക്ക് ആശുപത്രിയ്ക്ക് കൈമാറിയ ഐസിയു ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത് (ഇന്റീരിയര്‍ വര്‍ക് ഉള്‍പ്പെടെ). ഡി ലെവല്‍ ഐസിയു, എന്‍ഐസിയു ആംബുലന്‍സാണ് താലൂക്ക് ആശുപത്രിയ്ക്ക് ലഭിച്ചത്. ആംബുലന്‍സില്‍ ഒരു നഴ്സ്, ഒരു ഡ്രൈവര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. വെന്റിലേറ്റര്‍, ഒക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ചെറിയ ഒക്‌സിജന്‍ സിലിണ്ടര്‍, ഇന്‍ക്യൂബേറ്റര്‍, ജമ്പോ സിലിണ്ടര്‍ വഴിയുള്ള ഒക്‌സിജന്‍ സപ്ലൈ, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ്, മുതലായ സൗകര്യങ്ങള്‍ ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ലഭ്യമാകും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, എച്ച്എംസി അംഗങ്ങള്‍ മുന്‍സിപ്പാലിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥലം മാറി പോകുന്ന ഡോക്ടര്‍ നിതിന്‍, വിരമിക്കുന്ന നഴ്സ് സിസിലിക്കുട്ടി ജോസഫ് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.