ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവ് ചെയ്തയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് – വാഹനീയം 2022- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇനി മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും.

കെട്ടികിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് തിരുവനന്തപുരത്ത് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ എത്തുന്നതിന് ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് വകുപ്പ് ജനങ്ങളിലേക്ക് ചെന്ന് പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുന്നത്.

ജനങ്ങളുമായി ഏറ്റവും അടുപ്പമുള്ള വകുപ്പുളിലൊന്ന് എന്ന നിലയില്‍ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കും. അപേക്ഷകളില്‍ തീരുമാനം അനിശ്ചിതമായി നീളുന്ന സ്ഥിതി ഇനി ഉണ്ടാകില്ല. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കൂടുതല്‍ സുഗമമായി നടപ്പാക്കും. റോഡുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ ട്രയല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

അടുത്ത മാസം മുതല്‍ എലഗെന്റ് ലൈസന്‍സ് കാര്‍ഡുകള്‍ നല്‍കും. ആദ്യ ഘട്ടമായി തിരുവനന്തപുരത്ത് ആരംഭിച്ച് ക്രമേണ മേറ്റു ജില്ലകളിലേക്ക് ഇത് വ്യാപിപ്പിക്കും.ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ടാക്സി തൊഴിലാളി ഹബീബിന് ഓള്‍ ടാക്സി സഹകരണ സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നല്‍കുന്ന ധനസഹായം മന്ത്രി കൈമാറി.

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. തോമസ് കെ. തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ കൗണ്‍സിലിര്‍ കവിത, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, ആര്‍.ടി.ഒ. സജി പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാകാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആര്‍.സി ക്യാന്‍സലേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി അദാലത്ത് വേദിയില്‍ ഇ- സേവാ കേന്ദ്രവും ഒരുക്കിയിരുന്നു.